International

ജർമനിയിലും അക്രമാസക്തമായി ജെൻ സി പ്രക്ഷോഭം; കടകൾ കൊള്ളയടിച്ചു, പൊലീസിന് നേരെ പെട്രോൾ ബോംബേറ്

ഫ്രാങ്ക്ഫർട്ട്: യൂറോപ്പിൽ പടരുന്ന ജെൻ സി പ്രക്ഷോഭത്തിന്റെ ഭാഗമായി ജർമനിയിലും യുവജന പ്രതിഷേധം അക്രമാസക്തമായി. ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെയും നിർബന്ധിത സൈനിക സേവനത്തിനെതിരെയും വിദ്യാഭ്യാസ മേഖലയിലെ അവഗണനയ്ക്കെതിരെയും ആയിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങി.

ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് ഉൾപ്പെടെ 34 നഗരങ്ങളിലാണ് പ്രതിഷേധം നടന്നത്.ശനിയാഴ്ച പകൽ സമാധാനപരമായി ആരംഭിച്ച പ്രതിഷേധം രാത്രിയോടെ പലയിടങ്ങളിലും സംഘർഷത്തിലേക്ക് വഴിമാറി. ഫ്രാങ്ക്ഫർട്ടിൽ മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ കടകളുടെ ചില്ലുകൾ തകർക്കുകയും വ്യാപാര സ്ഥാപനങ്ങളിൽ കൊള്ള നടത്തുകയും ചെയ്തു. കുറഞ്ഞത് രണ്ട് കടകളെങ്കിലും കൊള്ളയടിക്കപ്പെട്ടതായും നിരവധി സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.

പൊലീസിന് നേരെ പ്രതിഷേധക്കാർ പെട്രോൾ ബോംബുകൾ എറിഞ്ഞതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. അക്രമം നിയന്ത്രിക്കാൻ പൊലീസ് വൻ സന്നാഹത്തെ വിന്യസിച്ചു. ഹാംബർഗിൽ പ്രതിഷേധക്കാർ തെരുവുകളിൽ സ്ഥാപിച്ച ബാരിക്കേഡുകൾക്ക് തീയിട്ടു.’ജെൻ സി റീജൽറ്റ്’ (Gen Z regelt) എന്ന പേരിലുള്ള പ്രചാരണ കൂട്ടായ്മയാണ് രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതുസേവന മേഖലകൾക്ക് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കുക, വർധിച്ചുവരുന്ന ജീവിതച്ചെലവിന് പരിഹാരം കാണുക, നിർബന്ധിത സൈനിക സേവനം ഒഴിവാക്കുക എന്നിവയാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങൾ.’

യുദ്ധത്തിനും നിർബന്ധിത സൈനിക സേവനത്തിനും വേണ്ടിയല്ല, സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് കൂടുതൽ പിന്തുണ ലഭിക്കണം’ എന്നാണ് പ്രക്ഷോഭകരുടെ നിലപാട്. കാമ്പയിൻ വക്താവ് ലിന ഫ്രെഡ്രിക്ക് ബെർലിനിലെ റാലിയിൽ ഇക്കാര്യം വ്യക്തമാക്കി.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ യുവജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ജർമനിയിലെ പ്രക്ഷോഭത്തെയും വിലയിരുത്തുന്നത്. ഫ്രാൻസിലും സമാനമായ യുവജന പ്രതിഷേധങ്ങൾ നേരത്തെ സംഘർഷത്തിലും കൊള്ളയിലും കലാശിച്ചിരുന്നു.പ്രതിഷേധങ്ങളിൽ 1.82 ലക്ഷം പേർ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. എന്നാൽ പൊലീസ് കണക്കുകൾ പ്രകാരം ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ബെർലിൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ആകെ ഏകദേശം 18,000 പേർ മാത്രമാണ് പങ്കെടുത്തത്.അതേസമയം, സമാധാനപരമായി നടന്ന പ്രതിഷേധങ്ങളെ ചില തീവ്രസംഘങ്ങൾ മുതലെടുത്ത് അക്രമത്തിലേക്ക് നയിക്കാൻ ശ്രമിച്ചതായി ജർമൻ അധികൃതർ ആരോപിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ഫ്രാങ്ക്ഫർട്ടിൽ 30-ലധികം പേരെ താൽക്കാലികമായി കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button