BusinessNews

സ്വർണ വില വീണ്ടും ഉയരുന്നു; റെക്കോർഡ് ഭേദിച്ചേക്കും

കൊച്ചി: സ്വർണ വിലയിൽ കഴിഞ്ഞ മാസം അവസാനത്തിൽ തുടങ്ങിയ മുന്നേറ്റം തുടരുന്നു. ഫെബ്രുവരിയിലെ രണ്ടാംദിനവും വില കൂടി. ഓരോ ദിവസവും നേരിയ തോതിലുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്. ഒരാഴ്ചയിലെ വില മാറ്റം കണക്കാക്കുമ്പോൾ വലിയ വർധനവാണ് സംഭവിക്കുന്നത്. അതേസമയം, എണ്ണ വില കുറഞ്ഞത് ആശ്വാസമാണ്. ഇന്ത്യൻ രൂപയുടെ മൂല്യം മെച്ചപ്പെട്ടിട്ടുണ്ട്.

ഇന്ന് കേരളത്തിൽ രേഖപ്പെടുത്തിയ പവൻ വില 46640 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 120 രൂപ വർധിച്ചു. ഗ്രാമിന് 15 രൂപ വർധിച്ച് 5830ലെത്തി. വരും ദിവസങ്ങളിലും നേരിയ തോതിലുള്ള വിലക്കയറ്റത്തിന് സാധ്യതയുണ്ട് എന്നാണ് വിവരം. ഡോളർ സൂചികയിൽ ഇടിവ് സംഭവിക്കുന്നതാണ് സ്വർണ വില കൂടാൻ ഒരു കാരണം. മാത്രമല്ല, കേന്ദ്ര ബജറ്റിൽ ജ്വല്ലറി മേഖല പ്രതീക്ഷിച്ച പ്രഖ്യാപനമുണ്ടായതുമില്ല.

സ്വർണ ഇറക്കുമതി നികുതിയിൽ കുറവ് വരുത്തണമെന്നായിരുന്നു ജ്വല്ലറി വ്യാപാരികളുടെ ആവശ്യം. വാണിജ്യ മന്ത്രാലയം ഇതിനോട് യോജിച്ചിരുന്നു എങ്കിലും ബജറ്റിൽ യാതൊരു പ്രഖ്യാപനവുമുണ്ടായില്ല. സെസ് ഉൾപ്പെടെ 15 ശതമാനമാണ് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ നികുതി. വലിയ തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ജ്വല്ലറി വ്യാപാരികൾ പറയുന്നത്.

സ്വർണ ആഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ജ്വല്ലറികളിലും സ്വർണവില തുല്യമായിരിക്കും. എന്നാൽ പണിക്കൂലിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. വില പേശി പണിക്കൂലി കുറച്ച് വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം. ചില ജ്വല്ലറികൾ കുറഞ്ഞ പണിക്കൂലിയിൽ സ്വർണാഭരണങ്ങൾ വിൽക്കുന്നുണ്ട്.

ഡോളർ സൂചികയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. 103.02 എന്ന നിരക്കിലാണ് സൂചിക. ഡോളർ കരുത്ത് കാട്ടിയാൽ സ്വർണവില കുറയും. എന്നാൽ മറിച്ചാണ് സംഭവിക്കുന്നത്. അതേസമയം, അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. പണപ്പെരുപ്പം പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തിലാണ് നിരക്ക് മാറ്റം വരുത്താത്തത്. മാർച്ചിൽ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

എണ്ണവിലയിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 79.11 ഡോളർ ആണ് പുതിയ വില. നേരത്തെ 83 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീട് വില താഴുകയാണ് ചെയ്യുന്നത്. ഇത് വിപണിക്ക് ആശ്വാസമാണ്. ഒപെക് ഇതര എണ്ണ രാജ്യങ്ങൾ കൂടുതൽ ഉൽപ്പാദിപ്പിക്കുന്നതാണ് എണ്ണവില കുറയാൻ കാരണം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 82.84 ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button