Kerala

പഞ്ചാബ് ലൗലി സര്‍വകലാശാല സംഘര്‍ഷം;ക്ലാസുകള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെച്ചു

വിദ്യാര്‍ത്ഥി പ്രതിഷേധത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പഞ്ചാബ് ലൗലി സര്‍വകലാശാലയില്‍ ക്ലാസുകള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെച്ചു. ഇന്ന് മുതല്‍ 10 ദിവസത്തേക്ക് റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മിഡ്-ടേം പരീക്ഷകളും മാറ്റി വെച്ചിരിക്കുകയാണ്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ നാട്ടിലേക്ക് മടങ്ങാമെന്നും അറിയിച്ചിട്ടുണ്ട്. ഹോസ്റ്റലില്‍ തുടരുന്നവര്‍ പുറത്തിറങ്ങരുതെന്നും പ്രതിഷേധങ്ങളില്‍ പങ്കാളികളാകരുതെന്നുമാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ ശാന്തരായി തുടരണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തില്‍ എടുക്കണമെന്നും അറിയിപ്പുണ്ട്. അതേസമയം സര്‍വകലാശാലയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. 2000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഒരു പോലെ ഉത്തരവാദികളാണെന്ന് പഞ്ചാബ് പിസിസി പ്രസിഡന്റ് രാജ്കുമാര്‍ വെര്‍ക്ക പറഞ്ഞു. അധികൃതരും വിദ്യാര്‍ത്ഥികളും ഒരു പോലെ സമാധാനാന്തരീക്ഷത്തിന് വേണ്ടി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. അന്വേഷണം ശരിയായി നടക്കുന്നതായി തോന്നുന്നില്ല. സംസ്ഥാനത്ത് വലിയ ആശങ്കയാണ് ഈ വിഷയം സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോൾ സ്ഥിതിഗതികള്‍ എല്ലാവരുടെയും കൈവിട്ടുപോയ അവസ്ഥയാണ്. ഇത് ശാന്തമാക്കാന്‍ എല്ലാവരും ഒരു പോലെ പ്രവര്‍ത്തിക്കണമെന്നും രാജ്കുമാര്‍ വെര്‍ക്ക പറഞ്ഞു.

സംഭവത്തിന്റെ വസ്തുതകള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രതിയുടെ ഐഡന്റിറ്റി ഇതുവരെ അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതിനാല്‍, അജ്ഞാതരായ നിരവധി പേര്‍ക്കെതിരെ ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍വകലാശലയ്ക്കുള്ളില്‍ ഒരു വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി എന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരന്നതിന് പിന്നാലെ പഞ്ചാബ് ലൗലി സര്‍വ്വകലാശാലയില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം പിന്നാലെ വലിയ കലാപത്തിലേക്ക് വഴിമാറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button