
തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബിയുടെ സന്ദേശം. ആറുമണി മുതല്‍ രാത്രി 12:45 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി മുടങ്ങാനാണ് സാധ്യത. വൈകിട്ട് ഏഴരക്കും എട്ടുമണിക്കും ഇടയില്‍ വൈദ്യുതി മുടങ്ങിയേക്കാം എന്ന് സന്ദേശം എത്തി. രാത്രി 10:55 നും 11: 20 നും വൈദ്യുതി ഭാഗികമായി മുടങ്ങിയേക്കുമെന്ന് സന്ദേശത്തില്‍ പറയുന്നു. ഇന്നലെ റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി ലഭിച്ചത് കൊണ്ട് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നും നിയന്ത്രണം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നതായി സര്‍ക്കാര്‍.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കിട്ടാവുന്നയിടത്തു നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ് ഇന്ന് വ്യക്തമാക്കിയിരുന്നു. വില കൂടിയാലും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തു. എന്‍ടിപിസിയില്‍നിന്ന് വൈദ്യുതി വാങ്ങാനാണ് ശ്രമം. അധിക സാമ്പത്തിക ബാധ്യത ജനങ്ങളിലേക്ക് എത്തില്ലെന്ന് പറയാനാകില്ല. അടിയന്തര സാഹചര്യത്തില്‍ വൈദ്യുതി വാങ്ങുക എന്നതു മാത്രമാണ് ലക്ഷ്യം. പണത്തെക്കുറിച്ച് ആശങ്കപ്പെട്ടിട്ട് കാര്യമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് കാരണമാകുമെന്ന സൂചനയും മന്ത്രി നല്‍കി. എന്‍ടിപിസിയില്‍നിന്ന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് സര്‍ക്കാരിന് ബാധ്യതയാണ്. അധിക സാമ്പത്തിക ബാധ്യത ജനങ്ങളിലേക്ക് എത്തില്ലെന്ന് പറയാനാകില്ലെന്ന് മന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ വൈദ്യുതി വാങ്ങുക എന്നതു മാത്രമാണ് നിലവിലെ ലക്ഷ്യം. ഇക്കാര്യം വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ ബോധ്യപ്പെടുത്തും.




