News

കയ്പ്പമംഗലം അപകടം: ദേശീയപാത സുരക്ഷ പരിശോധിക്കണമെന്ന് ഗഡ്കരിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ കത്തയച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ കൃത്യമായ പരിശോധന നടത്തണമെന്നും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ഇടപെടൽ അത്യാവശ്യമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു.

ദേശീയപാത 66 ന്റെ വികസന പ്രവർത്തികൾ നടക്കുന്ന ഘട്ടത്തിൽ യാത്രക്കാർ നേരിടുന്ന സുരക്ഷാ ഭീഷണികൾ കത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. നിർമാണ മേഖലകളിൽ എത്തുന്ന വാഹനങ്ങളുടെയും മറ്റ് ഭാരവാഹനങ്ങളുടെയും അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാർക്കിംഗ് ഉടനടി തടയുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. താൽക്കാലിക ഡൈവേർഷനുകളിലും ഇടുങ്ങിയ പാതകളിലും ആവശ്യമായ സുരക്ഷാ ബോർഡുകളും മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥാപിക്കണമെന്നും കത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.

കയ്പ്പമംഗലത്തുണ്ടായ അപകടം കേവലമൊരു ഒറ്റപ്പെട്ട സംഭവമായി കാണാതെ, എൻ എച്ച് 66 ഇടനാഴിയിലുടനീളം സമഗ്രമായ സുരക്ഷാ വിലയിരുത്തൽ നടത്താനുള്ള അവസരമായി കാണണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. നിർമാണം പുരോഗമിക്കുന്ന എല്ലാ റൂട്ടുകളിലും അടിയന്തരവും സ്വതന്ത്രവുമായ സുരക്ഷാ ഓഡിറ്റ് നടത്താൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻ എച്ച് എ ഐ) നിർദ്ദേശം നൽകണമെന്നാണ് കേന്ദ്ര മന്ത്രിയോട് കത്തിലൂടെ അഭ്യർത്ഥിച്ചിരിക്കുന്നത്.

റോഡ് ലൈറ്റിംഗ്, മുന്നറിയിപ്പ് ചിഹ്നങ്ങൾ, റിഫ്ലക്ടീവ് മാർക്കിംഗുകൾ, ബാരിക്കേഡുകൾ, ക്രാഷ് ബാരിയറുകൾ എന്നിവ കൃത്യമായി സ്ഥാപിച്ചിട്ടുണ്ടെന്ന് പരിശോധ ഉറപ്പുവരുത്തണം. കൂടാതെ, നിർമാണ കരാറുകാർ എൻ എച്ച് എ ഐ മുന്നോട്ടുവെക്കുന്ന സുരക്ഷാ നിബന്ധനകളും ട്രാഫിക് മാനേജ്‌മെന്റ് പ്ലാനുകളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും, വീഴ്ച കണ്ടെത്തുന്ന സ്ഥലങ്ങളിൽ അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ഊന്നിപ്പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button