
കാന്തപുരം വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്. ഖലീല്‍ ബുഖാരി തങ്ങള്‍, വണ്ടൂര്‍ അബ്ദുല്‍ റഹ്മാന് ഫൈസി തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. പേരോട് അബ്ദുറഹ്മാന് സഖാഫി, സൈഫുദ്ദീന് ഹാജി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കാന്തപുരത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
രാത്രി ക്ലിഫ് ഹൗസിലാണ് കാന്തപുരം വിഭാഗം നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. കെ പി നൗഷാദ് അലി എംഎല്‍എയാണ് കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്തത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കാന്തപുരം വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെയാണ് കൂടിക്കാഴ്ച നടന്നത്.
കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 19-ാം നുറ്റാണ്ടില്‍ പറയുന്ന കാര്യം 21-ാം നൂറ്റാണ്ടില്‍ പറയുന്നു എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രസ്താവനയോട് കേരള സര്‍ക്കാരിനോ തങ്ങളുടെ പാര്‍ട്ടിക്കോ ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. പ്രവാചകന്റെ ആദ്യ ഭാര്യ ബിസിനസുകാരിയായിരുന്നുവെന്നും മറ്റൊരു ഭാര്യയായിരുന്ന ആയിഷ യുദ്ധത്തില്‍ സര്‍വ്വസൈന്യാധിപയായി പങ്കെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ച് ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍ ഓര്‍മപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.




