BlogKeralaNews

സർക്കാരിന്റെ ഓണം വാരാഘോഷ സമാപനം; വന്ദേമാതരം പൂർണമായി ആലപിച്ചു

ദിവസങ്ങൾ നീണ്ടുനിന്ന സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷങ്ങൾക്ക് ഘോഷയാത്രയോടെ സമാപനം. മുഖ്യമന്ത്രി വി.ഡി സതീശനും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനാണ് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്. എന്നാൽ സമാപന വേദിയിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സംസ്ഥാന സർക്കാർ വിശദീകരണവുമായി രംഗത്തെത്തി.

വന്ദേമാതരം പൂർണമായി ആലപിക്കില്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ പൊതുനിലപാടെങ്കിലും, ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന പരിപാടിയായതിനാൽ പ്രോട്ടോകോൾ പാലിക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു എന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് രാജ്യത്തെവിടെയാണെങ്കിലും കൃത്യമായ പ്രോട്ടോകോളുകൾ നിലവിലുണ്ട്. ഇവയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓണം വാരാഘോഷ സമാപന ചടങ്ങിലും ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടന വേദിയിലുമാണ് ഇന്ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ പങ്കെടുത്തത്. രണ്ട് വേദികളിലും വന്ദേമാതരം പൂർണമായി ആലപിക്കപ്പെട്ടിരുന്നു. വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസിൽ നിന്നും കൃത്യമായ നിർദേശം പ്രോട്ടോകോൾ ഓഫീസർക്ക് ലഭിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. സംസ്ഥാന സർക്കാരിന് ഈ നിർദേശങ്ങൾ പാലിക്കാനുള്ള ബാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്ത സമാപന ഘോഷയാത്ര കേരളത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങൾ വിളിച്ചോതുന്നതായിരുന്നു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി വി.ഡി സതീശൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ വേദിയിൽ സന്നിഹിതരായിരുന്നു. മഹാബലിയുടെ രൂപം, കൊമ്പുവാദ്യം, അശ്വാരൂഢ സേന, മുത്തുക്കുടകൾ, തെയ്യം തുടങ്ങിയ വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. 62 സർക്കാർ വകുപ്പുകളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം തനതു കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി. ഉപരാഷ്ട്രപതിക്ക് വേദിയിൽ വെച്ച് ഗവർണർ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button