
സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനം 24 മണിക്കൂറും നല്കുന്നതില് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒയും ആരോഗ്യമന്ത്രി കെ മുരളീധരനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. പദ്ധതിയുമായി സഹകരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താമെന്നും, പ്രമോഷന് നടപടികള്‍ വേഗത്തിലാക്കാമെന്നും ആരോഗ്യമന്ത്രി ഉറപ്പ് നല്കി.
സ്പെഷ്യാലിറ്റി സേവനം ആദ്യ നടപ്പാക്കുക പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ്. രാവിലെ 8 മുതല്‍ രാത്രി 8വരെ മുഴുവന്‍ സമയവും ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടർ ഉണ്ടാകും. രാത്രി 8 മുതല്‍ ഓണ്‍ കോള്‍ ഡ്യൂട്ടിയില്‍ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കും. ഓര്‍ത്തോപീഡിക്, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറല്‍ മെഡിസിന്, സര്‍ജറി വിഭാഗങ്ങളിലാണ് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുക.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കുമ്പോള്‍ അവരുടെ സമ്മതം ആരായും. പുനര്‍ വിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുമാര്‍ക്ക് പകരം ഡോക്ടര്‍മാരെ ഉറപ്പാക്കും. പുനര്‍വിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുകള്‍ക്ക് സ്പെഷ്യല്‍ അലവന്‍സ് വേണമെന്ന കെജിഎംഒഎ ആവശ്യം പരിഗണിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഒഴിവുകള്‍ നികത്തിയിട്ടും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചിട്ടും വേണം സ്പെഷ്യാലിറ്റി സേവനം 24 മണിക്കൂറാക്കി നടപ്പാക്കാനെന്നാണ് കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നത്.
ജില്ല, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നയത്തില്‍ ഒരു മാറ്റവുമില്ല. ആവശ്യമായ ഏര്‍പ്പാടുകള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കും. ഡോക്ടര്‍മാര്‍ക്ക് തന്നെ വന്നു കാണാവുന്നതാണ്. വിഷയത്തില്‍ കെജിഎംഒഎ ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചിട്ടില്ല. തസ്തികകള്‍ ഒഴിവുണ്ടെങ്കില്‍ കണക്ക് ബോധിപ്പിച്ചാലല്ലേ അറിയുകയുള്ളൂ. കെജിഎംഒഎ പറയുന്നത് പത്രം വായിച്ച് അറിയേണ്ട സാഹചര്യമുണ്ടോ എന്നും മന്ത്രി ചോദിച്ചിരുന്നു.




