KeralaNews

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കാൻ മ്യൂസിയം പൊലീസ് കോടതിയിലേക്ക്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ മ്യൂസിയം പൊലീസ് കോടതിയിലേക്ക്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ നൽകിയേക്കും. പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോൾ പ്രതികൾ പൊലീസിന്‍റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായതും ദൃശ്യങ്ങൾ ചിത്രീകരിച്ചതും ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാണിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ തുടർനടപടിയും ഉടൻ ഉണ്ടാകും.

റിപ്പോർട്ട് ദക്ഷിണ മേഖല ഐ ജി പരിശോധിച്ച് വരികയാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നായിരുന്നു കമ്മീഷണറുടെ റിപ്പോർട്ട്. ഒപ്പിട്ട ശേഷം പ്രതികളെ സ്റ്റേഷൻ പരിധിയിൽ തുടരാൻ അനുവദിച്ചത് വീഴ്ചയാണെന്നാണ് കമ്മീഷണറുടെ അന്വേഷണത്തിലെ കണ്ടെത്തൽ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണയാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പൊലീസ് സ്റ്റേഷനിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ഒപ്പിടാൻ എത്തിയ പ്രതികളെ കൂടുതൽ നേരം അവിടെ തുടരാൻ അനുവദിച്ചതാണ് പ്രധാന വീഴ്ചയായി കമ്മീഷണറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ഒപ്പിട്ട ശേഷം പ്രതികളെ വേഗത്തിൽ തന്നെ സ്റ്റേഷനിൽ നിന്ന് മാറ്റേണ്ടതായിരുന്നു. എന്നാൽ ഇതിന് വിപരീതമായി പ്രതികളെ സ്റ്റേഷനിൽ തുടരാൻ അനുവദിക്കുകയും, അവർ അവിടെ ഒരുക്കിയിരുന്ന ഊഞ്ഞാലാടാനും ചെണ്ടകൊട്ടാനും ഉൾപ്പെടെയുള്ള ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. പ്രതികളെ സ്റ്റേഷനിൽ നിന്ന് നീക്കം ചെയ്യാനോ പറഞ്ഞുവിടാനോ ഉള്ള യാതൊരു നടപടിയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. സംഭവ സമയത്ത് എസ്എച്ച്ഒ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. അതിനാൽ ജിഡി ചാർജ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും കാവൽ ചുമതലയുണ്ടായിരുന്നവർക്കുമാണ് പ്രധാനമായും വീഴ്ച സംഭവിച്ചതെന്നാണ് കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button