
കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണ പ്രവൃത്തികൾക്കായി 2025-26 വർഷത്തിൽ ചെലവഴിച്ചത് 92.35 കോടി രൂപ. 2014-15ൽ ചെലവഴിച്ച 27.47 കോടി രൂപയുടെ മൂന്നിരട്ടിയിലധികമാണിത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. അറ്റകുറ്റപ്പണികളും നവീകരണവും പരിപാലനവും കൈകാര്യം ചെയ്യുന്ന സെൻട്രൽ പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെന്റ് വഴി 2014-15നും 2025-26നും ഇടയിൽ മന്ത്രിമാരുടെ വസികൾ മോടിപിടിപ്പിക്കുന്നതിനായി 547.68 കോടി രൂപയാണ് ചെലവഴിച്ചത്.
മന്ത്രിമാരുടെ വസികളുടെ കാലപ്പഴക്കമാണ് നവീകരണത്തിനായി ഇത്തരത്തിൽ വൻതുക ചെലവഴിക്കേണ്ടി വരുന്നതിന്റെ കാരണമെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ചോർച്ച, ചിതൽശല്യം, കാലപ്പഴക്കം ചെന്ന വൈദ്യുത സംവിധാനങ്ങൾ, പ്ലംബിങ് തകരാറുകൾ തുടങ്ങിയ പ്രശ്നങ്ങൾ സി.പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ കാലങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘മന്ത്രിമാരുടെ ഔദ്യോഗിക വസതികളിൽ ഭൂരിഭാഗവും 80-ഉം 90-ഉം 100-ഉം വർഷം പഴക്കമുള്ള ബംഗ്ലാവുകളാണ്. എല്ലാം അങ്ങനെയല്ലെങ്കിലും, ചിലതിന്റെ ഘടന സുരക്ഷിതമല്ലാതായിത്തീരുകയും അവ നവീകരിക്കേണ്ടതുണ്ടമുണ്ട്’ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
1912 നും 1930 നും ഇടയിലാണ് ഡൽഹിയിലെ ല്യൂട്ടൻസ് ബംഗ്ലാവ് പ്രദേശം വികസിപ്പിച്ചെടുത്തത്. സ്വാതന്ത്ര്യാനന്തരം ഇത് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കായി മാറ്റുകയായിരുന്നു. മന്ത്രിമാർക്ക് പുറമെ പാർലമെന്റ് അംഗങ്ങൾ, മുതിർന്ന ജഡ്ജിമാർ, ഉന്നത സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് ഈ ബംഗ്ലാവുകളിൽ താമസിക്കുന്നത്. എഡ്വിൻ ലുട്ടെയൻസിന്റെ പേരാണ് ‘ലുട്ടെയൻസ് ബംഗ്ലാവ് സോണിന്’ നൽകിയിട്ടുള്ളതെങ്കിലും, രാഷ്ട്രപതി ഭവന് ചുറ്റുമുള്ള പ്രസിഡന്റിന്റെ എസ്റ്റേറ്റിലെ ഔദ്യോഗിക ബംഗ്ലാവുകൾ മാത്രമാണ് അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് ചരിത്രകാരനും ഗ്രന്ഥകർത്താവുമായ സ്വപ്ന ലിഡിൽ പി.ടി.ഐയോട് പറഞ്ഞു
‘ന്യൂഡൽഹിയുടെ കൊളോണിയൽ കാലഘട്ടത്തിലെ ഔദ്യോഗിക ബംഗ്ലാവുകളിൽ ഭൂരിഭാഗവും രൂപകൽപ്പന ചെയ്തത് ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെന്റിലെ ആർക്കിടെക്റ്റുകളാണ്’ അവർ പറഞ്ഞു. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ബ്രിട്ടീഷുകാർ തങ്ങളുടെ ഉദ്യോഗസ്ഥരെ താമസിപ്പിക്കാനായി പണിത വസതികളിൽ കാണപ്പെടുന്ന മാതൃക തന്നെയാണ് ഈ ബംഗ്ലാവുകളും പ്രതിഫലിപ്പിക്കുന്നത്. പ്രധാന കെട്ടിടത്തിന് പുറമെ ജീവനക്കാർക്കായുള്ള അനുബന്ധ കെട്ടിടങ്ങളും വിശാലമായ ഒരു കോമ്പൗണ്ടും ഇതിലുണ്ടായിരുന്നുവെന്നും സ്വപ്ന കൂട്ടിച്ചേർത്തു. 2014 മുതൽ 2019 വരെ മന്ത്രിമാർ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി പ്രതിവർഷം ശരാശരി 26.78 കോടി രൂപയാണ് ചെലവഴിച്ചത്. തുടർന്ന് 2019 മുതൽ 2024 വരെയുള്ള കാലയളവിൽ വാർഷിക ശരാശരി ചെലവ് ഏകദേശം 50 കോടി രൂപയായി ഉയർന്നു. 2024-25ൽ ചെലവ് 71.98 കോടി രൂപയും 2025-26ൽ 92.35 കോടി രൂപയുമായിരുന്നു.




