KeralaNews

വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് കോൺഗ്രസ്; തീരുമാനം പ്രവർത്തക സമിതിയോഗത്തിൽ

വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് കോൺഗ്രസ്. വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ചരണങ്ങൾ പാടിയാൽ മതിയെന്നതിൽ കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ തീരുമാനമായി. ജനഗണമനയും വന്ദേമാതരവും കോൺഗ്രസിന് വൈകാരികമാണെന്നും ബിജെപിക്ക് ഇതെല്ലാം രാഷ്ട്രീയം മാത്രമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര ആലാപനത്തിൽ ഉണ്ടായത് ആശയവിനിമയത്തിലെ പ്രശ്നം മാത്രമാണെന്നും കെ.സി പറഞ്ഞു.

‘ജനഗണമനയും വന്ദേമാതരവും വൈകാരികമായ കാര്യങ്ങളായാണ് കോൺഗ്രസ് കാണുന്നത്. എന്നാൽ, നേരെമറിച്ച് ബിജെപിക്ക് ഇതെല്ലാം രാഷ്ട്രീയമാണ്. കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര ആലാപനത്തിൽ ഉണ്ടായത് കേവലം ആശയവിനിമയത്തിലുണ്ടായ പ്രശ്നങ്ങൾ മാത്രമാണ്. ആ വിഷയം അതോടെ കഴിഞ്ഞു. ഇതിൽ പലതവണ വ്യക്തത വരുത്തിയതാണ്. മറ്റ് വിഷയങ്ങളുടെ ശ്രദ്ധ തിരിക്കാനായാണ് ബിജെപി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളിൽ നിന്നുൾപ്പെടെ ശ്രദ്ധ തിരിക്കാൻ അവർ ശ്രമിക്കുകയാണ്’. കെ.സി വ്യക്തമാക്കി. രാഹുൽ ഗാന്ധി ഒരേസമയം കർഷകർക്കൊപ്പവും വിദ്യാർഥികൾക്കൊപ്പവും നിൽക്കുന്നുവെന്നും രാമക്ഷേത്ര കൊള്ള ദേശീയപ്രശ്നമായി കോൺഗ്രസ് ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. 543 സീറ്റുകൾക്കുള്ളിൽ വനിതാ സംവരണം നടപ്പാക്കണമെന്നും നിലവിലുള്ള സീറ്റുകളിൽ തന്നെ സംവരണം നടപ്പാക്കണമെന്നാണ് കോൺഗ്രസ് നിലപാടെന്നും കെ.സി കൂട്ടിച്ചേർത്തു.

അതേസമയം, പരമാവധി വേഗത്തിൽ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് ദീപാദാസ് മുൻഷി അറിയിച്ചു. പ്രവർത്തക സമിതി യോഗം നീണ്ടുപോയതിനാൽ മുഖ്യമന്ത്രി വി.ഡി സതീശനും രാഹുൽ ഗാന്ധിയുമായുള്ള ചർച്ച നടത്താനായിരുന്നില്ല. വി.ഡി സതീശൻ ചെന്നൈയിലേക്ക് മടങ്ങി. രമേശ് ചെന്നിത്തല നാളെ പ്രിയങ്ക ഗാന്ധിയുമായി ചർച്ച നടത്തിയേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button