KeralaNews

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവം; റിപ്പോർട്ട് ഇന്ന് സമര്‍പ്പിക്കും

കണ്ണൂർ ചെറുപുഴയിൽ രക്ഷാ പ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ട് പോയതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട്‌ ഇന്ന് ജില്ലാ കലക്ടർക്ക് കൈമാറും. അന്വേഷണ ചുമതലയുള്ള കണ്ണൂർ എഡിഎം പി.എൻ. പുരുഷോത്തമൻ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, പയ്യന്നൂർ തഹസീൽദാർ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൂന്നുപേരെയും ഒറ്റയ്ക്ക് ഇരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. റിപ്പോർട്ട് ജില്ലാ കലക്ടർ പി.വിഷ്ണു രാജ് പരിശോധിച്ച ശേഷം സർക്കാരിന് സമർപ്പിക്കും. വീഴ്ച വരുത്തിയവർക്ക് എതിരെ വകുപ്പ് തല നടപടി ഉണ്ടാവാനാണ് സാധ്യത.

പരിയാരം മെഡി കോളജിൽ നിന്നാണ് മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയത്. ദുർഗന്ധം വന്നതോടെ ചാവക്കാട് വച്ച് ഫ്രീസറുള്ള മറ്റൊരു ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു. ഫ്രീസറുള്ള ആംബുലൻസ് ഇല്ലെന്ന കാര്യം അറിയിച്ചിരുന്നെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് റവന്യുവകുപ്പും പരിയാരം മെഡിക്കൽ കോളജും പരസ്പരം പഴി ചാരുകയാണ്. ആംബുലൻസ് ഏർപ്പാടാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ല എന്നാണ് മെഡിക്കൽ സൂപ്രണ്ട് പറയുന്നത്. ഫ്രീസറുള്ള ആംബുലൻസ് ഇല്ല എന്ന കാര്യം റവന്യു വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറയുന്നുണ്ട്. എന്നാൽ, പയ്യന്നൂർ തഹസിൽദാർ ഇത് നിഷേധിച്ചിട്ടുണ്ട്.

പ്രളയ ജലത്തിൽ അകപ്പെട്ട 61കാരനെ സ്വന്തം ലൈഫ് ജാക്കറ്റ് നൽകി രക്ഷിച്ച ശേഷമാണ് രാജേഷ് എന്ന 36കാരൻ ഒഴുക്കിൽ പെട്ടത്. ആഗസ്റ്റ് 1നായിരുന്നു സംഭവം. റാ​പ്പ​ലി​ങ് ഇ​ന്‍സ്ട്ര​ക്ടറായ തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ ആര്‍. രാജേഷാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചത്. പുളിങ്ങോം മീന്തുള്ളിയിൽ പുഴക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് രാജേഷിന് ജീവൻ നഷ്ടമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button