‘തൃഷയെ ഉപമുഖ്യമന്ത്രിയാക്കും’; വിജയിയെ ലക്ഷ്യമിട്ട് ആർ.ബി. ഉദയകുമാറിന്റെ വിവാദ പരാമർശം

ചെന്നൈ: നടി തൃഷയ്ക്കെതിരെയും തമിഴ്നാട് സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി മുതിർന്ന എഐഎഡിഎംകെ നേതാവ് ആർ ബി ഉദയകുമാർ രംഗത്ത്. മുഖ്യമന്ത്രിയെ എപ്പോഴും കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രമാണെന്നും വൈകാതെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും അദ്ദേഹം പരിഹസിച്ചു. രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാൻ വേറെ ആർക്ക് കഴിയുമെന്നും ഉദയകുമാർ ചോദിച്ചു.
മുഖ്യമന്ത്രി വിജയ്യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമായി പ്രഖ്യാപിച്ച ‘ജനനായകൻ’ റിലീസ് ചെയ്ത ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ഭരണനിർവഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മുഖ്യമന്ത്രിയും മന്ത്രിമാരും സിനിമ ആഘോഷിക്കുന്നതിലായിരുന്നു മുഴുവൻ ശ്രദ്ധയും നൽകിയത്. മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ളവർ തിയറ്ററുകളിലെത്തി സിനിമ കാണുകയും സെൽഫികൾ പങ്കുവെക്കുകയും ചെയ്തു.
ആഴ്ചയിൽ ഒരിക്കൽ നടത്തേണ്ട പ്രധാന ഔദ്യോഗിക ചുമതലകൾ പോലും സിനിമ റിലീസ് ദിവസത്തിൽ മുഖ്യമന്ത്രി മാറ്റിവെച്ചു. തമിഴ്നാടിന്റെ ചരിത്രത്തിൽ ഇതുവരെ മന്ത്രിമാരും സർക്കാരും ഇത്തരത്തിൽ അപ്രഖ്യാപിത അവധി പ്രഖ്യാപിച്ച സാഹചര്യമുണ്ടായിട്ടില്ല. സിനിമയുടെ റിലീസ് ദിനം വലിയൊരു ഉത്സവമായി ആഘോഷിക്കണമെന്ന മന്ത്രിയുടെ ആഹ്വാനത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
സിനിമയുടെ റിലീസിനോടനുബന്ധിച്ച് ആരാധകരുടെ ആഘോഷങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചു. കാവേരി ഡെൽറ്റയിലെ ജലസേചന പ്രശ്നം, കർണാടകയുമായുള്ള ജലവിതരണ തർക്കം, മേക്കേദാട്ടു അണക്കെട്ട് വിഷയം തുടങ്ങിയ ജനകീയ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടുന്നില്ല. തിയറ്ററിനുള്ളിൽ ഇരുന്ന് വികാരാധീനരായ മന്ത്രിമാർ കർഷകരുടെ പ്രശ്നങ്ങൾക്കാണോ അതോ സിനിമ കണ്ടാണോ കണ്ണീർ പൊഴിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.
സിനിമകളിലെ പഞ്ച് ഡയലോഗുകളും സാങ്കൽപ്പിക പ്രതിച്ഛായകളും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആർ ബി ഉദയകുമാർ കുറ്റപ്പെടുത്തി. കാലം യാഥാർഥ്യം തുറന്നുകാട്ടുമ്പോൾ മുഖ്യമന്ത്രിയുടെ സിനിമാറ്റിക് ഇമേജ് തകരുമെന്നും, അപ്പോൾ യുവാക്കൾ യാഥാർഥ്യം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




