
അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്ത് കേരളത്തിലെ ഓഫീസുകൾ പൂട്ടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തിൽ സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെകും തമ്മിൽ നിർണായക ചർച്ച നടത്തി. കമ്പനി പൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരിൽ പരമാവധി ആളുകൾക്ക് മറ്റ് ഐടി കമ്പനികളിൽ പുനർനിയമനം നൽകാൻ ചർച്ചയിൽ ധാരണയായി.
ഇതിനായി തൊഴിൽ രഹിതരായ ജീവനക്കാരുടെ പ്രൊഫൈലുകൾ ജിടെക് അംഗങ്ങളായ കമ്പനികൾക്ക് കൈമാറും. നൂറ് ശതമാനം പേർക്കും ജോലി നൽകുമെന്ന് ഉറപ്പ് പറയാൻ കഴിയില്ലെങ്കിലും, യോഗ്യരായ ജീവനക്കാരെ കമ്പനികളിലേക്ക് ഉൾക്കൊള്ളാൻ ജിടെക് പ്രതിനിധികൾ പരമാവധി ശ്രമിക്കുമെന്ന് ചർച്ചയിൽ അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയിലും വ്യവസായ മന്ത്രി പ്രതികരിച്ചു. നിലവിൽ പല പൊതുമേഖലാ കമ്പനികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിൽ ഒരു ധവളപത്രം പുറപ്പെടുവിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുൻപ് യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവളപത്രം പൂർണ്ണമായും വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉള്ളതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




