
കർണാടകയിൽ ബിജെപി പ്രാദേശിക നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പ്രവർത്തകരായ അബ്ദുല്‍ നാസിർ പി (നാസിർ), നൗഷാദ് എന്നിവരാണ് പിടിയിലായത്.
കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലെ ഹൊസൂരിൽ നിന്നുമാണ് ശനിയാഴ്ച ഇവരെ എൻഐഎ സംഘം പിടികൂടിയത്. ഇവര്‍ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് എന്‍ഐഎ അറിയിക്കുന്നത്. ആന്ധ്രാപ്രദേശ് പൊലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരു സംസ്ഥാനങ്ങളിലും ഒരേസമയം നടത്തിയ നീക്കത്തിനൊടുവിലായിരുന്നു അറസ്റ്റ് എന്നും എന്‍ഐഎ വ്യക്തമാക്കി. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 24 ആയി. മൂന്ന് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്.
കുറ്റപത്രം സമർപ്പിക്കപ്പെട്ട ഇവർക്കെതിരെ ബംഗളൂരുവിലെ പ്രത്യേക എൻഐഎ കോടതി ലുക്ക് ഔട്ട് സർക്കുലറും അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. കൂടാതെ ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 4 ലക്ഷം രൂപ വീതം പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യുട്ടിവ് അംഗമായിരുന്ന പ്രവീൺ നെട്ടാരുവി(26)നെ സുള്ള്യക്കടുത്ത ബെല്ലാരെയിൽ ബൈക്കിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2022 ജുലൈ 26നാണ് കൊലപാതകം നടന്നത്. ബെല്ലാരെ ഏരിയയ്ക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീൺ, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്.




