ഖമനയിയുടെ സംസ്കാരം ഇന്ന്: ചടങ്ങുകൾ വിശുദ്ധ നഗരമായ മഷ്ഹദിൽ

ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ഇന്ന്. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്കും ഔദ്യോഗിക ചടങ്ങുകൾക്കും ഒടുവിൽ ഇറാനിലെ വിശുദ്ധ നഗരമായ മഷ്ഹദിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്.
ആചാരപരമായ ചടങ്ങുകൾക്ക് ശേഷം ഖമനയിയുടെ ഭൗതികദേഹം ഇറാഖിലെ ഷിയാ പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും എത്തിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നജാഫിലെത്തിച്ച മൃതദേഹം ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ നേതൃത്വത്തിലുള്ള സംഘം ഔദ്യോഗികമായി ഏറ്റുവാങ്ങി. അമേരിക്കയ്ക്ക് മരണം, ഇസ്രയേലിന് മരണം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി വിലാപയാത്രയിൽ ലക്ഷകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. പലരും വൈകാരികമായി ശവമഞ്ചത്തിൽ തൊടാൻ ശ്രമിച്ചത് തിക്കും തിരക്കുമുണ്ടാക്കി.
പിതാവിന്റെ പിൻഗാമിയായി പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ട മൊജ്തബ ഖമനയി സംസ്കാരച്ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കും. യുദ്ധഭീതി വീണ്ടും വഷളായ സാഹചര്യത്തിൽ മൊജ്തബ ഒളിവിൽ തുടരുന്നുവെന്നാണ് വിവരം. ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടയിലും ഹോർമുസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണങ്ങൾ തുടരുകയാണ്. ഇറാൻ മൂന്ന് കപ്പലുകൾ ആക്രമിച്ചതിന് പിന്നാലെ യുഎസ് സൈന്യം തിരിച്ചടിച്ചു. സമാധാന ചർച്ചകൾ പരാജയപ്പെട്ടതായും വെടിനിർത്തൽ അവസാനിച്ചതായും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത് മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.




