
ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു. ചൊവ്വാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ എട്ടുമണിക്കൂർ നേരം നീണ്ടുനിന്നു. ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ദുൽഖറിന്റെ നാല് കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കള്ളക്കടത്ത് സംഘം ഭൂട്ടാൻ അതിർത്തി വഴി കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ ദുൽഖറിന് വിറ്റതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതൽ വണ്ടികൾ ഉണ്ടെന്ന് കസ്റ്റംസിന്റെ നിഗമനം. ദുൽഖറിനെ ഇനിയും ചോദ്യം ചെയ്തേക്കും.
നിയമപരമായ രീതിയിലാണ് താൻ കാറുകൾ വാങ്ങിയതെന്നും ഇവ കള്ളക്കടത്തിലൂടെ എത്തിയതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ദുൽഖർ സൽമാൻ കസ്റ്റംസിന് നൽകിയിട്ടുള്ള മൊഴിയെന്നാണ് വിവരം. ദുൽഖർ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്കറില്‍ ഉപയോഗിച്ച നിസാൻ പട്രോൾ വാഹനവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസാൻ പട്രോൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഭൂട്ടാനിൽനിന്ന് ഇന്ത്യയിലേക്ക് കാറുകൾ എത്തിക്കുന്നതിലൂടെ വലിയ തോതിലുള്ള നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.




