KeralaNews

‘പാവങ്ങളുടെ വയറ്റത്തടിക്കരുത്’, പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി മന്ത്രി കെ എം ഷാജി

പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ എംബ്ലം വെയ്ക്കുന്നതില്‍ തെറ്റില്ല എന്നാണ് താന്‍ പറഞ്ഞത്. പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ തെറ്റില്ല എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നതെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു. പിഎംഎവൈയില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്ള ഒരു എംബ്ലം കാണിച്ചു തരാമോ എന്ന് വെല്ലുവിളിച്ച മന്ത്രി ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് പുതുതായി വീട് അനുവദിക്കുന്നത് ആവശ്യമില്ലാത്ത കപട ആദര്‍ശം പറഞ്ഞ് തടയുന്നത് സമൂഹത്തിനോട് ചെയ്യുന്ന തെറ്റാണെന്നും കുറ്റപ്പെടുത്തി.

‘ഒപ്പുവെയ്ക്കുമ്പോള്‍ 1,20,000 പാവപ്പെട്ടവര്‍ക്കാണ് പുതുതായി വീട് കിട്ടാനുള്ളത്. പാവപ്പെട്ട മനുഷ്യര്‍ക്ക് കിട്ടാനുള്ള വീട് ഒരു എംബ്ലത്തിന്റെ പേര് പറഞ്ഞ് തടസ്സപ്പെടുത്തരുത്. എംബ്ലത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ല. ഇഎംഎസ് ഭവനപദ്ധതി ആരാണ് ആസൂത്രണം ചെയ്തത്? പ്രധാനമന്ത്രിയുടെ പേരിലുള്ള പദ്ധതിയ്‌ക്കൊപ്പം നരേന്ദ്രമോദിയുടെയോ വെറെ ഏതെങ്കിലും പ്രധാനമന്ത്രിയുടെയോ പേര് പോലുമില്ല. ഈ പദ്ധതിയുടെ പേര് പ്രധാനമന്ത്രി ആവാസ് യോജന എന്നാണ്. അതിനപ്പുറത്ത് വേറൊരാളുടെ ഫോട്ടോ ഇല്ല. ഇഎംഎസ് ഭവനപദ്ധതി കേരളത്തില്‍ ഡിസൈന്‍ ചെയ്ത ഇടതുപക്ഷമാണ് ഈ കരാറില്‍ നിന്ന് പിറകോട്ട് പോയത്. ഒരു ഉളുപ്പുമില്ലാതെ ഞാന്‍ പറയാത്ത ഒരു വാക്ക് എടുത്ത് അതിന്റെ പേരില്‍ രണ്ടുമൂന്ന് ദിവസം ചര്‍ച്ച ചെയ്യുകയാണ്. പിഎംഎവൈയില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്ള ഒരു എംബ്ലം കാണിച്ചു തരാമോ? ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് പുതുതായി വീട് അനുവദിക്കുന്നത് ആവശ്യമില്ലാത്ത കപട ആദര്‍ശം പറഞ്ഞ് തടയുന്നത് സമൂഹത്തിനോട് ചെയ്യുന്ന തെറ്റാണ്. സംസ്ഥാനത്തിന്റെ ആയാലും കേന്ദ്രത്തിന്റെ ആയാലും പദ്ധതികള്‍ക്ക് ചെലവഴിക്കുന്ന പണം ജനങ്ങളുടെയല്ലേ.’- കെ എം ഷാജി ചോദിച്ചു.

‘കേരളത്തിന് സെന്‍ട്രല്‍ വിഹിതം കുറവാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് ആളുകളുടെ വയറ്റത്തടിക്കാന്‍ പോകുന്നത്. പദ്ധതിയുടെ ഭാഗമായി മുഴുവന്‍ പൈസയും കേന്ദ്രം തരുന്നില്ല. ഏഴു ലക്ഷം രൂപ ഒരു വീട് ഉണ്ടാക്കാന്‍ വേണം. നാലുലക്ഷം രൂപയെ കൊടുക്കാന്‍ പറ്റുന്നുള്ളൂ. ഇത്തരം പ്രതിസന്ധികള്‍ നില്‍ക്കുന്ന സമയത്ത് അനാവശ്യമായ വിവാദം ഉണ്ടാക്കി പാവങ്ങള്‍ക്ക് കിട്ടേണ്ട വീട് കളയാന്‍ കൂട്ടുനില്‍ക്കരുത്. പിഎംഎവൈ നിബന്ധനയില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ല. എംബ്ലം വെയ്ക്കുന്നത് ഒഴിവാക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയത്. ഇടതുപക്ഷം പറയുന്നത് ഫോട്ടോ വെയ്ക്കില്ല എന്നാണ്. എന്നാല്‍ പ്രധാനമന്ത്രി എന്ന ഡെസിഗനേഷന്‍ മാത്രമാണ് ഉള്ളത്. ഇഎംഎസ് ഭവന പദ്ധതിയില്‍ ഒരാളുടെ പേരു കൂടി കൂട്ടുകയാണ് ചെയ്തത്. അതല്ലേ അപമാനം. ഇഎംഎസ് ഭവനപദ്ധതിയെ ഞാന്‍ എതിര്‍ക്കുകയല്ല. എന്നാല്‍ ഇഎംഎസ് ഭവനപദ്ധതി വിഭാവനം ചെയ്തവര്‍ എങ്ങനെയാണ് പിഎംഎവൈ പദ്ധതി എതിര്‍ക്കുന്നത്? 1,60,000 വീടുകള്‍ കൊടുത്തല്ലോ മുഖ്യമന്ത്രി. ആ കൊടുത്ത വീടുകളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടെങ്കില്‍ ഞാന്‍ പറയാം തെറ്റുപറ്റിയെന്ന്. എന്നാല്‍ എവിടെയും പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ല. സംസ്ഥാന വിഹിതം കൊടുക്കാന്‍ ഇല്ലാത്തത് കൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയത്. അതാണ് വസ്തുത. അതിന് വേണ്ടി ആദര്‍ശമൊക്കെ ചമച്ച് പതുക്കെ ഊരിയതാണ്. സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ പതുക്കെ ഊരിയതാണ്’- കെ എം ഷാജി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button