News

മുഖ്യമന്ത്രിയുടെ മറുപടിയിൽ അസന്തോഷം; വി.ഡി. സതീശനോട് നേരിട്ട് ചോദിക്കുമെന്ന് റെജി ചെറിയാൻ

ആലപ്പുഴ: നിയമസഭയിൽ കുട്ടനാട് എംഎൽഎയും യുഡിഎഫ് ഘടകക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവുമായ റെജി ചെറിയാന് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ മറുപടിയും അതിനു പിന്നാലെ പറഞ്ഞ കമന്റും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി വിഷമമുണ്ടാക്കിയെന്നും മുഖ്യമന്ത്രിയോട് ഇക്കാര്യം ചോദിക്കുമെന്നും റെജി ചെറിയാൻ പറഞ്ഞു. മൂലം വളളംകളി ദിവസമായ ജൂൺ 29ന് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി തേടിയാണ് റെജി ചെറിയാൻ സഭയിൽ സബ്മിഷൻ അവതരിപ്പിച്ചത്.

കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കുമെന്ന് മറുപടി നൽകിയ സതീശൻ മറുപടിക്ക് ശേഷം തന്‍റെ സീറ്റിൽ ഇരുന്ന് അടുത്തിരുന്ന മന്ത്രിയോട് ഒരു കാരണവശാലും അവധി കൊടുക്കില്ല എന്ന് പറയുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

നിയമസഭയിൽ എന്‍റെ ആദ്യത്തെ സബ്മിഷൻ ആയിരുന്നു. കുട്ടനാടിന്‍റെ ജനങ്ങൾ ആഗ്രഹിച്ച ഒരു കാര്യമാണ് ചോദിച്ചത്. മൂലം വള്ളം കളിയുടെ പ്രാധാന്യം തിരിച്ചറിയാഞ്ഞിട്ടാണോ അങ്ങനെ പറഞ്ഞത് എന്നറിയില്ലെന്നും റെജി ചെറിയാൻ പറഞ്ഞു. എന്നോട് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് സർക്കാർ ആലോചിച്ച് തീരുമാനമെടുക്കാം എന്നാണ്. അത് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. കഷ്ടപ്പാടിൽ ജീവിക്കുന്ന കുട്ടനാടിലെ ജനങ്ങൾക്ക് വർഷത്തിൽ ഒരിക്കലുള്ള ആഘോഷമാണിത്. അതൊന്നും പുറത്തുള്ള ആളുകൾക്ക് അറിയില്ല.

മുഖ്യമന്ത്രി രേഖാമൂലമുള്ള മറുപടി തന്നതിന് ശേഷം പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്നും എങ്ങനെ പറഞ്ഞു എന്നത് തീർച്ചയായും ചോദിക്കും. ഞാനും എംഎൽഎ ആണ്, അവകാശങ്ങളുണ്ട്. എല്ലാവർക്കും ഒരേ അവകാശമാണ്. തെറ്റിദ്ധാരണ സമൂഹത്തിൽ വന്നിട്ടുണ്ടെങ്കിൽ അത് മാറ്റണം. നൂറുകണക്കിന് പ്രശ്നങ്ങൾ ഉള്ള ജനങ്ങളാണ് കുട്ടനാട്ടുകാർ. ഇതെല്ലാം കൊണ്ട് ഇവരുടെ മുന്നിൽ പോകേണ്ടതാണ്- റെജി ചെറിയാൻ പറഞ്ഞു.

പലരും വീഡിയോ അയച്ച് തന്നെങ്കിലും കാര്യമായി എടുത്തിരുന്നില്ല. പിന്നീട് സഭാ ടിവിയുടെ ഒർജിനൽ വീഡിയോ കണ്ടാണ് ഉറപ്പിച്ചത്. തിങ്കളാഴ്ച സഭ ചേരുമ്പോൾ മുഖ്യമന്ത്രിയെ കണ്ട് ചോദിച്ച് ഏത് സാഹചര്യത്തിൽ ഇങ്ങനെ പറഞ്ഞു എന്നത് ചോദിക്കും, ക്ലാരിറ്റി വരുത്തും. കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ് വിഡി സതീശൻ, അദ്ദേഹം അത് ക്ലാരിഫൈ ചെയ്യുമെന്ന് കരുതുന്നു. അൺ ഒഫീഷ്യലായി ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞത് വിശ്വസിക്കുന്നില്ല. അവധി അനുവദിച്ചില്ലെങ്കിൽ വീണ്ടും ഈ ആവശ്യം ഉന്നയിക്കുമെന്നും കുട്ടനാട് എംഎൽഎ റെജി ചെറിയാൻ പറഞ്ഞു.

മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കുമെന്ന് വിഡി സതീശൻ മറുപടി നൽകി. എന്നാൽ മറുപടിക്ക് ശേഷം തന്‍റെ സീറ്റിൽ ഇരുന്ന വിഡി സതീശൻ അടുത്തിരുന്ന മന്ത്രിയോട് ഒരു കാരണവശാലും അവധി കൊടുക്കില്ല എന്ന് പറയുന്നതിന്‍റെ വീഡിയോ ആണ് പുറത്ത് വന്നത്. ‘ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത, ബഹു. അംഗത്തിന്റെ ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പ്’ ആണെന്ന് വീഡിയോ ഷെയർ ചെയ്ത് കെയു ജനീഷ് കുമാർ എംഎൽഎ ആണ് വീഡിയോ പുറത്തുവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button