InternationalNews

വെനസ്വേലയില്‍ ഉണ്ടായ ഇരട്ട ഭൂകമ്പം; മരണം 164 ആയി

വെനസ്വേലയില്‍ ഉണ്ടായ ഇരട്ട ഭൂചലനത്തില്‍ മരണം 164 ആയി. ആയിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു. രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡിഗ്രസ് അറിയിച്ചു. വെനസ്വേലയിലേക്ക് രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു.

നൂറു വര്‍ഷത്തിനിടയില്‍ ഏറ്റവും കനത്ത ഭൂകമ്പമാണ് വെനസ്വേലയിലുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 6.04-നാണ് ആദ്യ ഭൂകമ്പമുണ്ടായത്. 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് വെറും 40 സെക്കന്‍ഡുകള്‍ക്ക് ശേഷമാണ് 7.5 തീവ്രത രേഖപ്പെടുത്തിയ അടുത്ത ഭൂകമ്പം ഉണ്ടായത്. ലാ ഗുയ്റ തുറമുഖ നഗരത്തിലും തലസ്ഥാനമായ കരാക്കസിലുമാണ് ഏറ്റവും കടുത്ത നാശനഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. സിമോണ്‍ ബോളിവര്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. മരണസംഖ്യ പതിനായിരങ്ങള്‍ കടന്നേക്കുമെന്നാണ് യു എസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്.

കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. അമേരിക്കയും മെക്സിക്കോയും എല്‍ സാല്‍വദോറും വെനസ്വേലയ്ക്ക് സഹായം വാഗ്ദാനം ചെയ്തു. ദേശീയ അവധി ദിവസമായിരുന്നതിനാല്‍ നിരവധി പേര്‍ വീടുകളിലുണ്ടായിരുന്നതായാണ് വിവരം.

വെനസ്വേലയ്ക്കു പുറമേ ജപ്പാനും പുറമേ കാലിഫോര്‍ണിയയിലും ഭൂകമ്പമുണ്ടായി. ജപ്പാനില്‍ ഇവാട്ടെ പ്രിഫെക്ചറിന്റെ തീരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ജപ്പാനില്‍ 6.9 തീവ്രതയും കാലിഫോര്‍ണിയയില്‍ 5.6 തീവ്രതയും രേഖപ്പെടുത്തി. മൂന്നു ഭൂകമ്പങ്ങളും തമ്മില്‍ പരസ്പര ബന്ധമില്ലെന്ന് ഭൂകമ്പ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഏതാണ്ട് ഒരേ സമയത്ത് ഭൂകമ്പമുണ്ടായത് യാദൃച്ഛികത മാത്രമാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. 1967ല്‍ വെനസ്വേലന്‍ തലസ്ഥാനമായ കരാക്കസില്‍ ഉണ്ടായ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button