
കോഴിക്കോട് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. ആരോഗ്യനില തൃപ്തികരം ആണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം പയ്യോളി തുറയൂർ പഞ്ചായത്തിലെ ഒൻപത് വയസ്സുകാരനും ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വിട്ട കുട്ടി വീട്ടിൽ വിശ്രമത്തിലാണെന്നുമാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ പയ്യോളി നഗരസഭയിലെ തച്ചൻകുന്നിൽ ഒരു മൂന്ന് വയസ്സുകാരനും ഷിഗെല്ല ബാധിച്ചിരുന്നു. കടുത്ത പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ കുട്ടിക്ക് രോഗം കണ്ടെത്തിയത്. ഈ മാസം ആറാം തീയതി പാലക്കുളത്തൂർ സ്വദേശിനിയായ നാലര വയസ്സുകാരി നിള ഷിഗെല്ല ബാധിച്ച് മരിച്ച സാഹചര്യത്തിൽ, പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. മനുഷ്യ ശരീരത്തിലെ ദഹനവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന ഷിഗെല്ല, കുട്ടികളിലാണ് കൂടുതൽ മാരകമായി തീരുന്നത്.




