
കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ് പി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതികള്‍ നല്‍കിയ അപ്പീലിലാണ് സിംഗിള്‍ ബെഞ്ചിന്‍റെ നടപടി. അടുത്ത തിങ്കളാഴ്ച വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കേസിലെ വിചാരണ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അപ്പീലില്‍ പ്രോസിക്യൂഷനോട് ഹൈക്കോടതി മറുപടി തേടി.
വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി രണ്ടാം തവണയും ജില്ലാ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. വിചാരണാവേളയിൽ പ്രോസിക്യൂഷന് അനുകൂലമായി കോടതി പെരുമാറുന്നുവെന്നാണ് പ്രതിഭാഗത്തിന്‍റെ പ്രധാന ആരോപണം. സാക്ഷികളുടെ വിസ്താരം നടക്കുമ്പോൾ കോടതി അനാവശ്യമായി ഇടപെടുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.കേസില്‍ 17 പ്രതികളുടെ ജാമ്യം റദ്ദാക്കിയ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവും ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.




