സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖല തകർച്ചയുടെ വക്കിലെന്ന് ബസ് ഉടമകൾ

പാലക്കാട്: കെ എസ് ആർ ടി സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ. സർക്കാർ ഈ സൗജന്യ സർവീസ് പ്രഖ്യാപിച്ചപ്പോൾ സ്വകാര്യ മേഖല നേരിടാനിടയുള്ള വലിയ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല. സ്വകാര്യ ബസ് മേഖലയെ പൂർണ്ണമായും അവഗണിക്കുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പ്രതിസന്ധി ഇതേപടി തുടർന്നാൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണ്ണമായി നിലയ്ക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതിനായി നാളെ തൃശൂരിൽ ബസ് ഉടമകളുടെ അടിയന്തര സംസ്ഥാന സമിതി യോഗം ചേരുമെന്നും ടി ഗോപിനാഥൻ അറിയിച്ചു.
ഡീസലടിക്കാൻ പറ്റുന്നില്ല, പിന്നെങ്ങനെ സമരം ചെയ്യും?
നിലവിലെ സാഹചര്യത്തിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകേണ്ട അവസ്ഥയുണ്ടെങ്കിലും അതിന് പോലും സാധിക്കാത്ത വിധം ബസ് ഉടമകൾ സാമ്പത്തികമായി തകർന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദിവസേന ഡീസൽ അടിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിൽ എങ്ങനെയാണ് സമരം ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയങ്ങളുന്നയിച്ച് നേരത്തെ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽക്കണ്ട് നിവേദനം നൽകിയിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അവർ ഉറപ്പുനൽകിയതുമാണ്. എന്നാൽ ഇതുവരെ യാതൊരുവിധ അനുകൂല തീരുമാനവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.




