Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടിക്കെതിരെ യൂത്ത് കോൺഗ്രസ്; മെറ്റയ്ക്ക് വീണ്ടും കത്തയക്കാൻ പോലീസ്, കൂടുതൽ പേർക്ക് നോട്ടീസ്!

കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസിൽ എസ്ഐടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി പി ദുല്‍ഖിഫില്‍. എസ്ഐടിയില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും സിപിഎം ആഭിമുഖ്യമുള്ളവരാണ്. ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയെന്നും യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ വ്യക്തമാക്കി. മേല്‍നോട്ട ചുമതലയുള്ള വടകര റൂറല്‍ എസ്‍പി നേരത്തെ ഈ കേസ് നേരായ രീതിയില്‍ അന്വഷിക്കാത്ത വ്യക്തിയാണ്. അന്വേഷണ സംഘത്തെ മാറ്റണമെന്നും യൂത്ത് കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു. സംഘത്തിലെ സിഐയും എസ്ഐമാരും നേരത്തെ സിപിഎം ഇംഗിതത്തിന് പ്രവര്‍ത്തിച്ചവരെന്നും യൂത്ത് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നുണ്ട്.

അതേസമയം, വടകര ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി മൂന്ന് പേർക്ക് കൂടി ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചു. റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

വ്യാജ സ്ക്രീൻഷോട്ട് ആദ്യഘട്ടത്തിൽ ഷെയർ ചെയ്തവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. നോട്ടീസ് ലഭിച്ചവർ സ്ക്രീൻഷോട്ട് ഗ്രൂപ്പുകളിലും പേജുകളിലും പങ്കുവെച്ചവരാണെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ സന്ദേശത്തിന്റെ ഉറവിടം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതോടൊപ്പം വ്യാജ സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടവും ഡിജിറ്റൽ തെളിവുകളും കണ്ടെത്താൻ ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയ്ക്ക് ( വീണ്ടും കത്തയക്കാനും എസ്.ഐ.ടി തീരുമാനിച്ചിട്ടുണ്ട്. മുൻപ് ലഭിച്ച വിവരങ്ങൾക്ക് പുറമേ കൂടുതൽ സാങ്കേതിക വിവരങ്ങൾ തേടിയാണ് കമ്പനിയെ വീണ്ടും സമീപിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button