News

നവകേരള യാത്ര മർദനക്കേസ്: എസ്ഐമാരെ ചോദ്യം ചെയ്ത് എസ്‌ഐടി; ഗൺമാൻമാർ ഉപയോഗിച്ചത് പൊലീസ് ലാത്തിയല്ലെന്ന് മൊഴി

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാവാൻ നേരത്തെ ഇവർക്ക് നോട്ടീസ് നല്‍കിയിരുന്നു. ക്രമസമാധാന ചുമതലയിൽ ഉണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാറിന്‍റെ ഓഫീസിലെ എസ്ഐമാരെയാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ പ്രതികളായ ഗൺമാന്മാർക്ക് തിരിച്ചടിയായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ മൊഴി വന്നിരിന്നു. ഗൺമാൻമാ‍ർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചത് പൊലീസ് ലാത്തി ഉപയോഗിച്ചല്ലെന്നും ഗൺമാൻമാർക്ക് ലാത്തി അനുവദിച്ചിട്ടില്ലെന്നും പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. ഗൺമാൻമാർക്ക് അനുവദിച്ചത് തോക്ക് മാത്രമാണ്. ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ തല്ലാൻ ഉപയോഗിച്ച വടി സ്വന്തമായി വാങ്ങിയതാണെന്നും പൊലീസ് മാനുവലിന് വിരുദ്ധമായ വടിയാണ് ഉപയോഗിച്ചതെന്നും ഉദ്യോഗസ്ഥൻ മൊഴി നൽകി.

പൊലീസ് മാനുവൽ പ്രകാരം ലാത്തിക്ക് 32 ഇഞ്ച് നീളമേ ഉളളൂ. എന്നാൽ ആലപ്പുഴയിലെ മർദ്ദനത്തിൽ ഗൺമാൻമാർ ഉപയോഗിച്ചത് അതിനേക്കാൾ നീളം കൂടിയ വടിയാണെന്നും ഉദ്യോഗസ്ഥൻ മൊഴി നൽകി. അതിനിടെ ഗൺമാൻമാർക്കെതിരായ റിപ്പോർട്ടിൽ കൂടുതൽ വ്യക്തത നൽകി എഐടി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ 308-ാം വകുപ്പ് ചുമത്തിയത് വിദഗ്ധ ഉപേദേശം തേടിയ ശേഷമാണെന്നും 308 ചുമത്താൻ അന്വേഷണ ഉദ്യോഗസ്ഥന് വിവേചന അധികാരം ഉണ്ടെന്നും എസ്ഐടി വ്യക്തമാക്കുന്നു. ഗൺമാൻമാ‍ർക്കെതിരെ 308 ചുമത്തിയതിൽ മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

കോടതിയിൽ ഇന്നലെ രാവിലെ സമർപ്പിച്ച റിപ്പോർട്ടിൽ വകുപ്പ് ചേർത്തത് വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചപ്പോൾ അതും കോടതിയിൽ നൽകി. കൂടുതൽ വകുപ്പ് ചേർക്കും എന്ന് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിൽ തിടുക്കം ഉണ്ടായിട്ടില്ലെന്നും എസ്ഐടി വ്യക്തമാക്കി. നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന് പ്രതികൾ പറഞ്ഞത് കള്ളമാണെന്നാണ് എസഐടി റിപ്പോർട്ടിലുള്ളത്. ബസിന് നേരെ കല്ലേറ് ഉണ്ടായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ലെന്നും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മൊഴിയും പ്രതികൾക്കെതിരാണെന്നും എസ്ഐടി റിപ്പോർട്ടില്‍ പറയുന്നു. നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് ബസ് ഡ്രൈവർ അഭിലാഷിന്റെ മൊഴി. കേടുപാടുകൾ സംഭവിച്ചതായി കെഎസ്ആര്‍ടിസി മെക്കാനിക്കൽ എഞ്ചിനീയറുടെ റിപ്പോർട്ടിലും ബസിന്റെ ഒഫീഷ്യൽ രേഖകളിലും ഇല്ലെന്നും എസ്ഐടി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button