
ഇടത് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന കിഫ്ബിക്കെതിരെ നിശിത വിമര്‍ശനവുമായി പുതിയ സര്‍ക്കാരിന്റെ ധവളപത്രം. പത്തുവര്‍ഷക്കാലം കിഫ്ബിയെ നയിച്ചത് സംസ്ഥാന താല്പര്യങ്ങളല്ല, രാഷ്ട്രീയ താത്പര്യങ്ങള്‍ ആയിരുന്നെന്നാണ് വ്യാഴാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രം പറയുന്നത്.
അടിസ്ഥാനസൗകര്യ വികസനത്തിനായി കിഫ്ബി മുടക്കിയ ആകെ തുകയില്‍ 20 ശതമാനവും കണ്ണൂര്‍ ജില്ലയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സിപിഎമ്മിന്റെ ചുവപ്പുകോട്ടയായ കണ്ണൂര്‍ ജില്ല മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി കമ്മ്യൂണിസ്‌റ് നേതാക്കളുടെ ജന്മസ്ഥലവുമാണ്.
നിലവില്‍ കിഫ്ബിയുടെ കട ബാധ്യത 21,000 കോടി രൂപയാണ്. ഏറ്റെടുത്ത പദ്ധതികള്‍ക്കായി മറ്റൊരു 35,000 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. കിഫ്ബിയുടെ കട ബാധ്യത സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. കണ്ണൂരിന് ശേഷവും തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കിഫ്ബി കൂടുതല്‍ പണം മുടക്കിയത്, അകെ തുകയുടെ 17 ശതമാനം. അത് കഴിഞ്ഞാല്‍ എറണാകുളം, 11 ശതമാനം. ഈ മൂന്നു ജില്ലകളിലുമായാണ് കിഫ്ബിയുടെ 50 ശതമാനം പണവും മുടക്കിയത്. ഇങ്ങനെ മൂന്നു ജില്ലകളില്‍ മാത്രമായി ഇത്രയധികം പണം മുടക്കാന്‍ യാതൊരു ന്യായീകരണവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനവ വികസന സൂചികയുടെ മാനദണ്ഡങ്ങളോ സാമ്പത്തിക ആവശ്യങ്ങളോ ഒന്നും കണക്കിലെടുത്തായിരുന്നില്ല കിഫ്ബിയുടെ ഫണ്ട് വിതരണമെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
കിഫ്ബി സിഇഓ ആയിരുന്ന കെ എം എബ്രഹാമിന് 2017 ല്‍ ധനവകുപ്പിന്റെ എക്‌സ്-ഒഫീഷ്യോ സെക്രട്ടറിയുടെ അധികാരങ്ങള്‍ നല്‍കിയതിനെയും ധവളപത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഈ നടപടി സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസ് ചട്ടങ്ങളുടെ ലംഘനമായിരുന്നു. ഗവണ്മെന്റിനു വേണ്ടി ഉത്തരവുകളിറക്കാന്‍ ഗവണ്മെന്റിനു പുറത്തുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത് നല്ല ധന മാനേജ്‌മെന്റ് നടപടി ആയിരുന്നില്ല.
കിഫ്ബി ധീരമായൊരു കണ്ടെത്തല്‍ ആയിരുന്നെങ്കിലും അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റങ്ങള്‍ വന്നു. കിഫ്ബിയുടെ കടമെടുപ്പ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പില്‍ പെടും. സര്‍ക്കാര്‍ കടമെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവിലാണ് കിഫ്ബിയുടെ കടമെടുപ്പ്. കിഫ്ബി ഇപ്പോഴുള്ള രീതിയിലല്ല തുടരേണ്ടത് എന്ന് സിഎജി തന്നെ മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേണ്ട മാറ്റങ്ങള്‍ എങ്ങനെ വരുത്താം എന്നാണ് ഇനി ചിന്തിക്കേണ്ടതെന്നും ധവളപത്രത്തില്‍ പറയുന്നു.
മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെഎം ചന്ദ്രശേഖര്‍, ഫിനാന്‍സ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. സി വീരമണി, സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. നാരായണ എന്നിവരടങ്ങുന്ന ടീമാണ് ധവളപത്രം തയ്യാറാക്കിയത്.



