News

ബംഗാളിൽ മമതയ്ക്ക് വീണ്ടും തിരിച്ചടി; എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ട് ടിഎംസി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. ഇന്ന് മമത നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാർ മാത്രമാണ്. ഇപ്പോഴിതാ ആഭ്യന്തര കലഹംകൊണ്ട് പൊറുതിമുട്ടിയതോടെ പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു. . തോൽവിക്ക് പിന്നാലെ ഒന്നിനുപിറകെ ഒന്നായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ടിഎംഎസി ഇപ്പോൾ. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 ടിഎംസി എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ കമ്മിറ്റികളും പിരിച്ചുവിടുന്നതായി പാർട്ടി അറിയിച്ചത്.

പാർട്ടിക്ക് ആകെയുള്ളത് 80 എംഎൽഎമാരാണ്. എന്നാൽ മമതയുടെ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാർ മാത്രവും. ഭൂരിപക്ഷം എംപിമാരും യോഗത്തിൽ നിന്നും വിട്ടുനിന്നിരുന്നു. ലോക്സഭയിലും രാജ്യസഭയിലുമായി ടിഎംസിക്ക് 42 എംപിമാരുണ്ട്. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്തത് 6 എംപിമാർ മാത്രമാണ്. ഈ തിരിച്ചടിക്ക് തൊട്ടു പിന്നാലെയാണ് സംഘടനാ കമ്മിറ്റികൾ പിരിച്ചുവിട്ടതായി ടിഎംസി ‘എക്‌സി’ലൂടെ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കിയത്. ‘ശ്രദ്ധാപൂർവ്വമായ പരിഗണനയ്ക്ക് ശേഷം, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ പശ്ചിമ ബംഗാളിലെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിടാൻ തീരുമാനിച്ചു.’ ടിഎംസി അറിയിച്ചു.

എല്ലാ തലങ്ങളിലും സമഗ്രമായ ആത്മപരിശോധനയും പ്രകടന അവലോകനവും സംഘടനാപരമായ വിലയിരുത്തലും പാർട്ടി നടത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ അവലോകനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, മാതൃസംഘടനയുടെയും പോഷക സംഘടനകളുടെയും ഘടന പുനഃസംഘടിപ്പിക്കും, അത് യഥാസമയം പ്രഖ്യാപിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഈ അപ്രതീക്ഷിത നടപടിയെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്തരമൊരു തീരുമാനമെടുത്തതിന് പിന്നിലെ കാരണങ്ങൾ പാർട്ടി പ്രസ്താവനയിൽ വിശദീകരിച്ചിട്ടില്ല. ടിഎംസി രൂപീകരിച്ചതിനുശേഷം എടുത്ത ഏറ്റവും വലിയ സംഘടനാ തീരുമാനങ്ങളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button