
പ്രതിപക്ഷനേതാവ് പിണറായി വിജയന് കാറിന്റെ നിറവും മാറ്റുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഔദ്യോഗിക വാഹനമായി 2022 ജനുവരി മുതല്‍ കറുത്ത കാര്‍ ഉപയോഗിച്ചിരുന്ന പിണറായി, പ്രതിപക്ഷ നേതാവായതോടെ ഉപയോഗിക്കുക വെള്ള ഇന്നോവ ക്രിസ്റ്റ കാര്‍. പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാറാണിത്. നിലവില്‍ എകെജി സെന്ററിലെ കാറിലാണ് പിണറായിയുടെ യാത്ര.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഉപയോഗിക്കാന്‍ പോകുന്ന കാറിന് ’99’ എന്ന നമ്പറും സര്‍ക്കാരിനോടു ചോദിച്ചിട്ടുണ്ട്. 2022ല്‍ അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉപദേശപ്രകാരമാണ് പിണറായി കറുത്ത കാറിലേക്കു മാറിയത്. രാത്രിയിലുള്ള ആക്രമണവും മറ്റും തടയാന്‍ ഉപകരിക്കുമെന്നും കൂടുതല്‍ സുരക്ഷിതമെന്നുമായിരുന്നു വാദം. പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാരുടെ കാറുകളും പിന്നീടു കറുപ്പിലേക്കു മാറി.
മുഖ്യമന്ത്രി വി ഡി സതീശന് ഒരാഴ്ചയ്ക്കുള്ളില്‍ കന്റോണ്‍മെന്റ് ഹൗസില്‍നിന്നു ക്ലിഫ് ഹൗസിലേക്കു താമസം മാറിയേക്കും. ഇതിനുശേഷം കന്റോണ്‍മെന്റ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ കൂടി കഴിഞ്ഞാകും പിണറായി ഇവിടേക്കു മാറുക. അതിനിടെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന് അനുവദിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പൊതുഭരണ വകുപ്പ് കട്ട് ചെയ്തു. പത്തുവര്‍ഷമായി പിണറായി വിജയന് ഉപയോഗിച്ചിരുന്ന നമ്പറാണ് കട്ടായത്.
മുന്‍കൂട്ടി അറിയിക്കാതെയാണ് മൊബൈല്‍ നമ്പര്‍ പൊതുഭരണ വകുപ്പ് കട്ട് ചെയ്തതെന്ന് ആക്ഷേപമുണ്ട്. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷവും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ആശയവിനിമയത്തിനുമായി ഈ നമ്പര്‍ പിണറായി വിജയന് ഉപയോഗിച്ചുവരികയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുഭരണ വകുപ്പില്‍ നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. സംഭവത്തില്‍ പിണറായി വിജയന്റെ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല.




