News

ആ രണ്ടുവയസ്സുകാരൻ പടിക്കെട്ടിൽ നിന്ന് വീണ് മരിച്ചതല്ല, മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നുത്, അതും പത്ത് വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികൾ

ഷാർജ: യുഎഇയിലെ ഷാർജയിൽ രണ്ട് വയസ്സുകാരനായ പാകിസ്ഥാനി ബാലനെ അയൽവാസികളായ രണ്ട് കുട്ടികൾ ചേർന്ന് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി. ഷാർജയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുഹമ്മദ് അർഷ്മാൻ എന്ന രണ്ടു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പത്ത് വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. പ്രതികളായ പെൺകുട്ടികൾ കുഞ്ഞുമായി ഫ്ലാറ്റിന് പുറത്തെ കോറിഡോറിൽ കളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം നടക്കുന്ന സമയത്ത് കുഞ്ഞിന്റെ അമ്മ വെറും ഒരു മിനിറ്റത്തേക്ക് മാത്രമാണ് ഫ്ലാറ്റിന്‍റെ ഉള്ളിലേക്ക് കയറിയത്. ഈ സമയം പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടികളിൽ ഒരാൾ പടിക്കെട്ടിന്‍റെ വാതിൽ തുറന്ന് കുഞ്ഞിനെ കൈവീശി അടുത്തേക്ക് വിളിച്ചു. കുഞ്ഞ് അങ്ങോട്ട് ചെന്നയുടൻ രണ്ടാമത്തെ പെൺകുട്ടി വാതിൽ പെട്ടെന്ന് അടച്ചു.

തുടർന്ന് പടിക്കെട്ടിനോട് ചേർന്നുള്ള ജനലിന്‍റെ തുറന്ന ഭാഗത്തുനിന്നും ഏകദേശം 14 മീറ്റർ താഴ്ചയുള്ള നിലത്തേക്ക് കുഞ്ഞിനെ ഇവർ എടുത്തെറിയുകയായിരുന്നു. കുഞ്ഞിനെ താഴേക്ക് ഇട്ട ശേഷം ഒരു പെൺകുട്ടി ചെവിയിൽ കൈവെച്ച് പേടിച്ചെന്നോണം ഓടിപ്പോകുന്നത് കാണാം. എന്നാൽ മറ്റേ പെൺകുട്ടി കൈകൾ കുടഞ്ഞ്, യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശാന്തമായാണ് അവിടെ നിന്നും നടന്നുനീങ്ങിയത്.

കെട്ടിടത്തിൽ നിന്നും പെട്ടെന്ന് നിലവിളി ശബ്ദം കേട്ടതായി സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നു. ലിഫ്റ്റിന് സമീപം ആരെങ്കിലും വഴക്കിടുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ താഴത്തെ നിലയിൽ കുഞ്ഞിന്റെ അമ്മ കരഞ്ഞ് സഹായം അഭ്യർത്ഥിക്കുന്നത് കണ്ട് ഓടിയെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ പോലും വിശ്വസിക്കാൻ കഴിയാത്ത ക്രൂരത പുറത്തുവന്നത്.

യുഎഇയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന പാകിസ്ഥാന സ്വദേശിയായ സജ്ജാദ് ഹുസൈന്‍റെ മകനാണ് മരിച്ച അർഷ്മാൻ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യുഎഇയിൽ പ്രവാസിയാണ് സജ്ജാദ്. അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഒടുവിലാണ് അർഷ്മാൻ ജനിക്കുന്നത്. കുടുംബത്തിന്റെ ജീവനായിരുന്നു കുഞ്ഞ്. ഇവർക്ക് രണ്ട് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞ് കൂടിയുണ്ട്.

‘ഒരു അമ്മ കുട്ടിയെ വിളിക്കുന്നത് പോലെയാണ് ആ പെൺകുട്ടി എന്‍റെ മകനെ അങ്ങോട്ട് വിളിച്ചത്. അവരെ വിശ്വസിച്ച് അവൻ ഓടിച്ചെന്നു. ഒരാൾ വാതിൽ അടച്ചുപിടിച്ചു, മറ്റേയാൾ എന്റെ കുഞ്ഞിനെ ജനലിലൂടെ താഴേക്ക് എറിഞ്ഞു. വെറും നിമിഷങ്ങൾക്കുള്ളിലാണ് എല്ലാം കഴിഞ്ഞത്. എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല’- പിതാവ് സജ്ജാദ് ഹുസൈൻ കണ്ണീരോടെ പറഞ്ഞു.

സംഭവം നടന്നയുടൻ ഷാർജ പൊലീസും സിഐഡിയും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തി. പ്രതികളായ പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസ് വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്. ഇത്രയും ചെറിയ പെൺകുട്ടികൾക്ക് ഒരു കുഞ്ഞിനോട് ഇത്തരമൊരു ക്രൂരത ചെയ്യാൻ പ്രേരിപ്പിച്ച ഘടകം എന്താണെന്നും ഇതിന് പിന്നിലെ കൃത്യമായ ലക്ഷ്യം എന്താണെന്നും വ്യക്തമല്ല. ദുരന്തത്തിന് പിന്നാലെ തകർന്ന ഈ കുടുംബം താല്ക്കാലികമായി പാകിസ്ഥാനിലേക്ക് മടങ്ങിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button