ആ കൈകൊണ്ട് തന്നെ പൂച്ചെണ്ട് നൽകി; സ്കൂൾ തുറക്കും മുൻപ് വിനോദിനിക്ക് മുഖ്യമന്ത്രിയുടെ സ്നേഹസമ്മാനം; കളക്ടർ നേരിട്ടെത്തിച്ചു

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന പത്തുവയസ്സുകാരി വിനോദിനിക്ക് സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം സ്നേഹസമ്മാനങ്ങൾ എത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ജില്ലാ കളക്ടർ നേരിട്ടാണ് കുട്ടിയുടെ വീട്ടിൽ സമ്മാനങ്ങൾ എത്തിച്ചത്. പുതിയ അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസിലേക്ക് ജയിച്ച വിനോദിനിക്ക് സ്കൂൾ ബാഗ്, പുസ്തകങ്ങൾ, കുട എന്നിവയാണ് സമ്മാനമായി ലഭിച്ചത്. പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്കൂളിലെ വിദ്യാർത്ഥിനിയാണ് വിനോദിനി.
നേരത്തെ ആരോഗ്യവകുപ്പിന്റെ ചികിത്സാപ്പിഴവ് മൂലം വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ വിഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വിഷയത്തിൽ ഇടപെടുകയും കുട്ടിയുടെ വലതുകൈ ചലിപ്പിക്കുന്നതിനായി കൃത്രിമ കൈ വെച്ചുപിടിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയുമായിരുന്നു. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും വിഡി സതീശൻ തന്നെയാണ് നൽകിയത്. ഇതിനായി പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെ കൊച്ചിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു.
കൊച്ചിയിലെ വിദഗ്ധ പരിശോധനകൾക്ക് ശേഷം വിദേശത്തുനിന്നും ഓർഡർ ചെയ്ത് എത്തിച്ച കൃത്രിമ കൈ കഴിഞ്ഞ ഫെബ്രുവരിയിലാണ് എറണാകുളത്തെ ‘ഹോപ്പ്’ എന്ന സ്ഥാപനത്തിൽ വെച്ച് വിനോദിനിക്ക് വെച്ചുപിടിപ്പിച്ചത്. അന്ന് കൈ വെച്ചുപിടിപ്പിച്ചതിന് പിന്നാലെ വിഡി സതീശൻ നേരിട്ടെത്തി വിനോദിനിക്ക് ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ചിരുന്നു. തങ്ങളെ സഹായിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ വിനോദിനിയും മാതാവ് പ്രിസീതയും സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അതിരൂക്ഷമായ തിരക്കിലും തന്റെ പ്രിയപ്പെട്ട സാറിന് അദ്ദേഹം സമ്മാനിച്ച കൈകൊണ്ട് തന്നെ പൂച്ചെണ്ട് സമർപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അന്ന് വിനോദിനിയും കുടുംബവും മടങ്ങിയത്.



