News

അമ്മ’യിൽ ചേരിപ്പോര് മുറുകുന്നു; അൻസിബയും ടിനി ടോമും അടക്കം നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്; നിഷ്പക്ഷ സമിതി വേണമെന്ന് അൻസിബ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ചേരിപ്പോരിൽ നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം.

അതേസമയം ടിനി ടോമിനെതിരെ അടക്കം ഉന്നയിച്ച പരാതിയിൽ അൻസിബയെ കേൾക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചു. ജൂൺ ആദ്യ ആഴ്ച നേരിട്ടെത്താൻ നേതൃത്വം ആവശ്യപ്പെട്ടു. ‘അമ്മ’യിലെ ചേരിപ്പോര് വല്ലാതെ വഷളായ സാഹചര്യത്തിലാണ് പരാതിക്കാരിയായ അൻസിബയെ കേട്ട് പ്രശ്ന പരിഹാര നീക്കത്തിലേക്ക് അമ്മയുടെ ഭരണസമിതി കടന്നത്.

അതേസമയം അമ്മയുടെ നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അൻസിബ. തൻ്റെ പരാതികൾ കേൾക്കണമെങ്കിൽ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നും അൻസിബ ആവശ്യപ്പെടുന്നു. രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവർ സമിതിയിൽ ഉണ്ടാകണമെന്നാണ് അൻസിബയുടെ ആവശ്യം. സമിതിക്ക് മുന്നിൽ താൻ പറയുന്ന കാര്യങ്ങൾ വീഡിയോ റെക്കോർഡിങ് ഉറപ്പാക്കണം എന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂൺ 21നാണ് അമ്മയുടെ ജനറൽ ബോഡി യോഗം ചേരുന്നത്. യോഗത്തിന് മുന്നോടിയായി നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്വേത മേനോൻ പ്രസിഡൻ്റായ അമ്മ ഭരണസമിതിയുടെ നീക്കം. സംഘടനയിലെ തർക്കം പൊലീസ് കേസിലേക്ക് നീങ്ങുന്നത് അടക്കം തടയാൻ നേതൃത്വം ഇടപെട്ടേക്കും. സംഘടനയിൽ വിശ്വാസം നഷ്ടപ്പെട്ടതായും ടിനി ടോമിനെതിരെ ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്നും അൻസിബ പ്രഖ്യാപിച്ചിരുന്നു. അമ്മയുടെ ജോയിൻ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് കാരണം ടിനി ടോം ആണെന്നായിരുന്നായിരുന്നു അൻസിബ ആരോപിച്ചത്. ടിനി ടോം തന്നെക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും ജിഹാദിയെന്ന് വിളിച്ചുവെന്നും അൻസിബ ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button