News

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഹർഷിനയ്ക്ക് നീതി! കോഴിക്കോട് മെഡിക്കൽ കോളേജിൽ സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും ഉറപ്പുനൽകി സർക്കാർ

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വർഷങ്ങളോളം നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ആശ്വാസം. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്, അർഹമായ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുമെന്ന് ഉറപ്പുനൽകി. ചികിത്സ പിഴവിന് ഇരയായ ഹർഷിന മുഖ്യമന്ത്രി വിഡി സതീശനെയും ആരോഗ്യമന്ത്രി കെ. മുരളീധരനെയും നേരിൽ കണ്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായകമായ ഈ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ജോലി നൽകും എന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകുമെന്നും വീട് അറ്റകുറ്റപണി നടത്തുമെന്നും സർക്കാർ ഉറപ്പ് നൽകി.

2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹർഷിന ചികിത്സ പിഴവിന് ഇരയായത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ച് നിൽക്കുകയായിരുന്നു. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.

മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഉപകരണം ഹർഷിനയുടെ വയറ്റില്‍ കുടുങ്ങിയത്. സംഭവത്തില്‍ മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദ്യം നല്‍കിയത്. എന്നാൽ, തെറ്റ് പറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വീ‍ഡിയോ പിന്നീട് പുറത്തുവന്നതോടെ ആശുപത്രി അധികൃതര്‍ പ്രതിരോധത്തിലായി. സംഭവത്തിൽ രണ്ട് നഴ്സുമാരും രണ്ട് ഡോക്ടറർമാരും പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 750 പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളാണുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button