News

ബിജെപിയിൽ ചേരുക, അല്ലെങ്കിൽ അമേരിക്കയിൽ വെച്ച് കൊല്ലപ്പെടും’; കോക്രോച്ച് ജനത പാർട്ടി സ്ഥാപകന് വധഭീഷണി

ദില്ലി: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കേയ്ക്ക് വധ ഭീഷണി. നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങള്‍ ദീപ്കേ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു. അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തുമെന്നാണ് ഭീഷണി. ദീപ്കേയുടെ രക്ഷിതാക്കൾ ആശങ്ക അറിയിച്ച് രം​ഗത്തെത്തി. കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ തുടങ്ങിയ ആക്ഷേപ ഹാസ്യ അക്കൗണ്ടുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. അരാജകത്വം കൊണ്ട് ജനാധിപത്യത്തെ തകര്‍ക്കാനാവില്ലെന്ന് ബിജെപി പ്രതികരിച്ചു.

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടുക. നിങ്ങള്‍ക്ക് പണം കിട്ടും. ബിജെപിയില്‍ ചേരുക. അല്ലെങ്കില്‍ അമേരിക്കയില്‍ വെച്ച് കൊല്ലപ്പെടും. സാമൂഹിക മാധ്യമമായ എക്സില്‍ അഭിജിത് ദീപ്കേ പങ്കുവച്ച സന്ദേശങ്ങളിലൊന്നിലെ ഭീഷണിയാണിത്. പാര്‍ട്ടി രൂപീകരിച്ച ശേഷം ഫോണിലൂടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും നിരന്തരം ഭീഷണി സന്ദേശങ്ങളെത്തുന്നുവെന്നാണ് അഭിജിത് വ്യക്തമാക്കുന്നത്. വീഡിയോ സന്ദേശമായെത്തിയ ഭീഷണിയും അഭിജിത് പങ്കുവെച്ചു.

മധ്യപ്രദേശ് സ്വദേശിയായ അഭിജിത് നിലവില്‍ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ്. രക്ഷിതാക്കളായ ഭഗവാനും അനിത ദീപ്കേയും ആശങ്കയിലാണ്. ഈ നീക്കം മകനെ കുഴപ്പത്തില്‍ ചാടിച്ചേക്കാമെന്നും അറസ്റ്റിലായേക്കാമെന്നും രക്ഷിതാക്കള്‍ ആശങ്കപ്പെട്ടു. ഈ നീക്കത്തിന് ശേഷം ഉറക്കം നഷ്ടപ്പെട്ടെന്നും രക്ഷിതാക്കള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഇടപെടൽ ഈ അക്കൗണ്ടുകൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കണമെന്നും ഐബി കേന്ദ്ര സർക്കാരിനെ അറിയിച്ചെന്നാണ് സൂചന. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ട് വിലക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button