News

ഫസൽ വധക്കേസിൽ വൻ അട്ടിമറി? രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് കാണാതായി; കവറിന് മുകളിൽ ‘എലി കരണ്ടു കൊണ്ടുപോയി’ എന്ന് കുറിപ്പ്

കൊച്ചി: തലശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല കാണാതായി. കോടതിയില്‍ നിന്നാണ് തൂവാല കാണാതായത്. എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ ഇന്നലെ നടന്ന വിസ്താരത്തിനിടെയാണ് ഇക്കാര്യം വ്യക്തമായത്. തൊണ്ടിമുതല്‍ ഹാജരാക്കാന്‍ സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എറണാകുളം സിജെഎം കോടതിയില്‍ സൂക്ഷിച്ചിരുന്ന തൂവാല ഹാജരാക്കിയത്.

സീല്‍ ചെയ്തുവച്ചിരുന്ന കവര്‍ കോടതിയില്‍ തുറന്നുനോക്കിയപ്പോഴാണ് തൂവാല അതിലില്ലെന്ന് മനസ്സിലായത്. തൂവാല സൂക്ഷിച്ച കടലാസ് കവറിനു മുകളില്‍ ‘ടൗവല്‍ കാണുന്നില്ല, എലി കരണ്ടു കൊണ്ടുപോയി’ എന്ന് എഴുതിവച്ചിരുന്നു. തൂവാല ആദ്യം സൂക്ഷിച്ചിരുന്ന ബ്രൗണ്‍ പേപ്പര്‍ കവര്‍ മധ്യത്തില്‍ കീറിയിട്ടുണ്ട്. മറ്റൊരു ബ്രൗണ്‍ കവറിനുള്ളില്‍ കീറിയ കവര്‍ നിക്ഷേപിച്ച് സെല്ലോ ടേപ്പ് ഉപയോഗിച്ചു ഒട്ടിച്ചിരിക്കുന്നു. അതിനു മുകളിലാണ് എലി കരണ്ടുകൊണ്ടു പോയെന്ന് എഴുതിയിട്ടുള്ളത്.

ധര്‍മ്മടം- ആണ്ടല്ലൂര്‍ ഭാഗത്ത് റോഡില്‍ കിടന്നാണ് രക്തം പുരണ്ട നിലയില്‍ യൂവാല കിട്ടിയത്. സമീപത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് വരുത്തി തീർക്കാൻ ഗൂഢാലോചന നടത്തി പ്രതികള്‍ തൂവാല ഫസലിന്റെ രക്തം മുക്കി ഇവിടെ കൊണ്ടുവന്നിട്ടതാണ് എന്നാണ് സിബിഐയുടെ വാദം. ഫസലിന്റെ തൂവാല മൃതദേഹത്തില്‍നിന്നു കണ്ടെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button