
യു ഡി എഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ച നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘനവും അനുചിതവുമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾക്ക് മാത്രമാണ് ദേശീയ ഗീതമെന്ന പദവിയുള്ളത്. 1950 ജനുവരി 24-ന് ഭരണഘടനാ അസംബ്ലി ജന ഗണ മനയ്ക്ക് തുല്യമായ ബഹുമതി നൽകിയത് ആ രണ്ട് ഖണ്ഡികകൾക്കാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. മൂന്നാം ഖണ്ഡിക മുതൽ ദുർഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ഹിന്ദു ദേവതകളെ നേരിട്ട് സ്തുതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1937 ൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി ഈ ഭാഗങ്ങൾ ദേശീയ വേദികളിൽ ഒഴിവാക്കാൻ തീരുമാനിച്ചതാണെന്നോർക്കണമെന്നും അദ്ദേഹം പറഞ്ഞു. മതേതര രാഷ്ട്രത്തിൽ സർക്കാർ ചടങ്ങുകളിൽ ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാമൂർത്തികളെ സ്തുതിക്കുന്ന വരികൾ ഉൾപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. അതുകൊണ്ട് സത്യപ്രതിജ്ഞാ വേദിയിൽ വന്ദേ മാതരം മുഴുവനായി ആലപിച്ചത് അനുചിതമായെന്നും അദ്ദേഹം പറഞ്ഞു.




