News

സമാധാന ചർച്ചകളിൽ കല്ലുകടി; ഇറാനെതിരെ വീണ്ടും യുദ്ധത്തിന് ആഹ്വാനം ചെയ്ത് പ്രമുഖ അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം

വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിൽ സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷകൾ നിലനിൽക്കെ, ആഗോളതലത്തിൽ ആശങ്കയായി അമേരിക്കൻ സെനറ്റർ ലിൻസി ഗ്രാമിന്‍റെ പുതിയ ആഹ്വാനം. ഇറാന്മേൽ ഒരിക്കൽക്കൂടി സൈനിക നടപടി വേണമെന്ന ആഹ്വാനമാണ് ലിൻസി ഗ്രാം നടത്തിയത്. ചർച്ചകൾക്ക് മുൻപ് അമേരിക്ക തങ്ങളുടെ മേധാവിത്വം ഉറപ്പാക്കണമെന്നും ഹ്രസ്വവും എന്നാൽ കരുത്തുറ്റതുമായ ഒരു സൈനിക പ്രതികരണം മാത്രമേ ഈ മേഖലയിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സഹായിക്കൂ എന്നുമാണ് സെനറ്ററുടെ വാദം. സമാധാന ശ്രമങ്ങൾ സജീവമാകുന്ന ഘട്ടത്തിൽ പ്രമുഖ യു എസ് സെനറ്ററുടെ ഭാഗത്തുനിന്നുണ്ടായ ഈ യുദ്ധാഹ്വാനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാകുമോ എന്ന ആശങ്കയും ബലപ്പെടുന്നുണ്ട്.

സമാധാനം സാധ്യമോ?
നേരത്തെ സമാധാന ചർച്ചകളുടെ മുന്നോടിയായി വലിയ വിട്ടുവീഴ്ച്ചകൾക്ക് ഇറാനും അമേരിക്കയും ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചർച്ചകൾ നടക്കുന്ന സമയം വരെ ഇറാന് മേലുള്ള എണ്ണ ഉപരോധം അമേരിക്ക നീക്കുമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇറാന് അന്താരാഷ്ട്ര വിപണിയിൽ എണ്ണ കയറ്റുമതിക്കുള്ള തടസ്സങ്ങൾ നീങ്ങും. പുതുക്കിയ പതിനാലിന നിർദേശങ്ങൾ അമേരിക്കയ്ക്ക് ഇറാൻ കൈമാറിയിട്ടുണ്ട്. യുദ്ധത്തിന് നഷ്ടപരിഹാരമെന്ന ആവശ്യത്തിൽ നിന്ന് ഇറാനും പിറകോട്ട് പോകുന്നതായി റിപ്പോർട്ടുകളുണ്ട്. നഷ്ടപരിഹാരത്തിന് പകരം, സാമ്പത്തികമായ ഉപരോധങ്ങൾ നീക്കുന്നതുൾപ്പടെ ഇളവുകൾ മതിയെന്ന് ഇറാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്. ആണവ പദ്ധതി ദീർഘകാലത്തേക്ക് മരവിപ്പിക്കുക, യുറേനിയം ശേഖരം റഷ്യയ്ക്ക് കൈമാറുക, പകരമായി ദീർഘകാലത്തേക്ക് ഉടമ്പടി എന്നിവയും ചർച്ചകളിലുണ്ട്. ഇതിനിടെ ഹോർമൂസ് നിയന്ത്രിക്കാനായി ഇറാൻ രൂപം നൽകിയ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റിയുടെ പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പ്രവർത്തന സജ്ജമായി. 1500 കപ്പലുകളാണ് ഹോർമൂസ് കടക്കാൻ കാത്ത് കിടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button