Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിൽ പി ബിയിലും കടുത്ത എതിർപ്പ് ; പാർട്ടി ശൈലിക്കെതിരെ കണ്ണൂരിലും പാലാക്കാടും രൂക്ഷവിമർശനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ നിശ്ചയിച്ചത് സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഒരു വിഭാഗത്തിന്‍റെ ശക്തമായ എതിര്‍പ്പ് തള്ളി. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിപക്ഷ നേതാവായി നിര്‍ദ്ദേശിച്ച ശേഷം ചേര്‍ന്ന ഓണ്‍ലൈന്‍ പിബി യോഗത്തില്‍ അഞ്ചിലധികം അംഗങ്ങള്‍ പിണറായി വരുന്നതിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഇളവ് നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തുന്ന പിണറായിയെ പ്രതിപക്ഷ നേതാവായി കൊണ്ടുവരുന്നത് സംഘടന പരമായി ഉചിതമാകില്ലെന്ന അഭിപ്രായമാണ് ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയത്.

കേരളത്തിലെ കനത്ത തോല്‍വിക്ക് ശേഷം ദില്ലിയില്‍ ചേര്‍ന്ന പി ബി യോഗത്തില്‍ ഭരണവിരുദ്ധ വികാരമാണെന്നുള്ള അഭിപ്രായം ചില പിബി നേതാക്കള്‍ പങ്കുവെച്ചിരുന്നു. പാര്‍ട്ടിക്ക് ഒരു പുതിയ നേതൃത്വം വരണമെന്ന നിര്‍ദ്ദേശവും പി ബി യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള സംസ്ഥാന തലത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം പിബി ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു ധാരണ. സംസ്ഥാന സെക്രട്ടേറിയറ്റ് പിണറായിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. സംസ്ഥാന സമിതിയിലും പൊതുവികാരം പിണറായിക്ക് അനുകൂലമായിരുന്നു. ഈ സാഹചര്യത്തില്‍ ഇക്കാര്യം നിശ്ചയിക്കാന്‍ ഓണ്‍ലൈനായി പിബി യോഗം സംസ്ഥാന കമ്മിറ്റിക്കിടെ ചേര്‍ന്നു. യോഗത്തില്‍ അഞ്ചിലധികം അംഗങ്ങള്‍ രണ്ട് കാരണങ്ങള്‍ ചൂണിക്കാട്ടി പിണറായിയെ എതിര്‍ത്തു. ഒന്ന് ഭരണ വിരുദ്ധ വികാരം ഉണ്ടായ സാഹചര്യത്തില്‍ വീണ്ടും പിണറായി ഈ സ്ഥാനത്തേക്ക് വരുന്നത് ഉചിതമാകില്ല. രണ്ട് പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമന്ത്രിയെന്ന നിലക്ക് ഇളവ് നല്‍കിയാണ് പിണറായിയെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തിയതെന്നും അതിനാല്‍ വീണ്ടും ഒരു അധികാര സ്ഥാനത്തേക്ക് പിണറായി വരുന്നത് ഉചിതമാകില്ലെന്നും വാദം ഉയര്‍ന്നു. അശോക് ധാവ്ലെ, വിജു കൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഈ നിലപാട് സ്വീകരിച്ചുവെന്നാണ് സൂചന.

എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഒരു തീരുമാനമെടുക്കുമ്പോള്‍ അതിനെ തള്ളിക്കളയേണ്ടതുണ്ടോയെന്ന അഭിപ്രായം കൂടുതല്‍ അംഗങ്ങള്‍ പ്രകടിപ്പിച്ചു. തല്‍ക്കാലം സംസ്ഥാന നേതൃത്വത്തെ തള്ളേണ്ടെന്ന നിലക്കാണ് പിണറായി ഈ സ്ഥാനത്തേക്ക് വരുന്നതിനെ എതിര്‍ക്കുന്നവര്‍ അവസാനം നിലപാട് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് സമയത്തും പിണറായി നയിക്കുന്നതിനെ കുറിച്ച് പിബിയില്‍ ചോദ്യങ്ങളുയര്‍ന്നിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയായാലും അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ അദ്ദേഹം തുടരട്ടെ എന്നതടക്കം നിലപാടുകള്‍ പരിഗണിച്ചാണ് ഒടുവില്‍ പിണറായി മത്സരിക്കുന്നതിനെ പിബി എതിര്‍ക്കാത്തതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയ എതിര്‍പ്പ് പിബി യോഗത്തില്‍ പിണറായി വിജയനെതിരെ ഉയരുന്നത്.

പിണറായിക്കെതിരെ കൂടുതൽ ജില്ലാകഘടകങ്ങളിൽ വിമർശനം

പിണറായിയുടെ ശൈലി തോൽവിക്ക് കാരണമായെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും വിമർശനം ഉയര്‍ന്നു. പിണറായി ഏകാധിപതിയെന്ന് പാലക്കാട്ടെ യോഗത്തിൽ നേതാക്കൾ. പിണറായിയുടെ ശൈലി തോൽവിക്ക് കാരണമായെന്നും ഇങ്ങനെ പോയാൽ കേരളം ബംഗാൾ ആകുമെന്നും അംഗങ്ങൾ വിമര്‍ശിച്ചു. പിണറായിയുടെ പ്രായപരിധിയിലും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയില്‍ ചോദ്യങ്ങൾ ഉയർന്നു. പി കെ ശ്യാമളയെ മത്സരിപ്പിച്ചത് നേതൃത്വത്തിന്റെ പിഴവെന്നും വിമർശനം ഉന്നയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button