ലീഗ് മന്ത്രിപ്പട്ടികയിൽ നാടകീയ മാറ്റം; പാറയ്ക്കൽ അബ്ദുള്ളയ്ക്ക് പകരം പി.കെ. ബഷീർ എത്തിയേക്കും, ഗഫൂറിന് പാണക്കാട് കുടുംബത്തിന്റെ പിന്തുണ

കോഴിക്കോട്: മുസ്ലീം ലീഗിലെ മന്ത്രിമാർ മാറിയേക്കുമെന്ന് സൂചന. പി കെ ബഷീർ മന്ത്രിപദവിയിലേക്ക് എത്താനാണ് സാധ്യത. ബഷീറിനെ ഒഴിവാക്കുന്നുവെന്ന സൂചനകൾ വന്നതോടെ ലീഗിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ പാറക്കൽ അബ്ദുള്ളയ്ക്ക് പകരം പി കെ ബഷീർ മന്ത്രിയാകുന്നതെന്നാണ് സൂചന. അതേസമയം, വി അബ്ദുൽ ഗഫൂറിനെ മന്ത്രി ആക്കരുത് എന്ന് ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തിയിരുന്നു. എന്നാല്‍, പാണക്കാട് കുടുംബത്തിന്റെ സമ്മർദ്ദം വി അബ്ദുൽ ഗഫൂറിന് തുണയായി.
വി ഡി സതീശൻ മന്ത്രിസഭയിൽ മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാരാണ് ഉണ്ടാവുക. 2011 ലെ വകുപ്പുകൾ തന്നെ ലീഗിന് കിട്ടിയേക്കും. ഉന്നത വിദ്യാഭ്യാസം മാത്രം ചിലപ്പോൾ കോൺഗ്രസ് ഏറ്റെടുത്തേക്കും എന്നാണ് വിവരം. പാറക്കൽ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ എന്നിവരെയാണ് മന്ത്രിമാരായി ഇന്നലെ നിർദേശിച്ചിരുന്നത്. എന്നാല്‍ പി കെ ബഷീറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലും സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഒരു പുരനാലോചന ലീഗില്‍ ഉണ്ടാകുന്നത്.




