NewsPolitics

യു.ഡി.എഫിൽ മന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം രൂക്ഷം; വിട്ടുവീഴ്ചയില്ലാതെ ജോസഫ് ഗ്രൂപ്പും മാണി സി. കാപ്പനും, നാളെ നിർണ്ണായക ചർച്ച

തിരുവനന്തപുരം: 10 വർഷത്തിനിപ്പുറം അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും യു ഡി എഫിൽ മന്ത്രി തർക്കവുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമാകുന്നു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും മാണി സി കാപ്പനുമാണ് മുന്നണിയിൽ മന്ത്രി തർക്കവുമായി ബന്ധപ്പെട്ട് പ്രധാനമായും കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. 2 മന്ത്രി സ്ഥാനം എന്ന നിലപാടിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. ഇന്ന് നടന്ന ഉഭയകക്ഷി ചർച്ചയിൽ ഒരു മന്ത്രിയും ചീഫ് വിപ്പും എന്ന ഓഫർ കോൺഗ്രസ് മുന്നോട്ട് വച്ചെങ്കിലും അത് പറ്റില്ലെന്ന നിലപാടാണ് കേരള കോൺഗ്രസ് വ്യക്തമാക്കിയത്. രണ്ട് മന്ത്രി സ്ഥാനം വേണമെന്ന നിലപാടാണ് കേരള കോൺഗ്രസ് ശക്തമായി ഉന്നയിച്ചത്. സഹകരിക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും കേരള കോൺഗ്രസ് അംഗീകരിച്ചിട്ടില്ല. നാളെയും ഉഭയകക്ഷി ചർച്ച തുടരും. നാളെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. അതേസമയം മന്ത്രി സ്ഥാനത്ത് ടേം വ്യവസ്ഥയെന്ന കോൺഗ്രസ് നിർദ്ദേശത്തിൽ പാല എം എൽ എ മാണി സി കാപ്പനും കടുത്ത അമർഷത്തിലാണ്. ഫുൾ ടൈം വേണമെന്ന് മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും നാളെ തീരുമാനമായേക്കും.

മന്ത്രിമാർ റെഡി?
അതേസമയം ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെയായിരിക്കുമെന്നാണ് വ്യക്തമാകുന്നത്. സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടികയും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകുമെന്നാണ് വ്യക്തമാകുന്നത്. ഇനിയും കുറച്ച് പേരുകള്‍ കൂടി വരാനുണ്ട്. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകിയേക്കുമെന്നാണ് സൂചന. വട്ടിയൂര്‍ക്കാവിൽ മികച്ച വിജയം നേടിയ കെ മുരളീധരന് സുപ്രധാനപ്പെട്ട വകുപ്പുകളിലൊന്നാകും ലഭിക്കുക. മികച്ച വിജയത്തോടെയാണ് ബിന്ദു കൃഷ്ണ നിയമസഭയിലേക്കെത്തുന്നത്. വളരെ സീനിയര്‍ നേതാവായ തിരുവഞ്ചൂരിന് മന്ത്രി അല്ലെങ്കിൽ സ്പീക്കര്‍ സ്ഥാനമായിരിക്കും ലഭിക്കുക എന്നാണ് സൂചന. എന്നാൽ സ്പീക്കര്‍ സ്ഥാനത്തേക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പുതുപ്പള്ളിയിൽ വേറിട്ട പ്രചാരണ പരിപാടികളോടെ വമ്പൻ വിജയം സ്വന്തമാക്കിയതാണ്, ചാണ്ടി ഉമ്മനും മന്ത്രിസ്ഥാനം ഉറപ്പിച്ച നേതാക്കളുടെ ലിസ്റ്റിൽ ഉൾപ്പെടാൻ കാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button