പെട്രോളിനും ഡീസലിനും 3 രൂപ വീതം കൂടി; കേന്ദ്ര നടപടിക്കെതിരെ പിണറായി വിജയനും സിപിഎമ്മും

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വീതം വർധിപ്പിച്ചിരിക്കുകയാണ്. പുതുക്കിയ നിരക്ക് പ്രകാരം ദില്ലിയിൽ പെട്രോളിന് 97.77 രൂപയും ഡീസലിന് 99.67 രൂപയുമാണ്. കേരളത്തിൽ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 110.76 രൂപയും ഡീസലിന് 99.35 രൂപയുമായി. ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ സിപിഎം രംഗത്തെത്തി. അന്താരാഷ്ട്ര വിപണിയിലെ വിലവർധനവിന്റെ പേരിൽ എണ്ണക്കമ്പനികൾ സാധാരണക്കാരന്റെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്നും ഇന്ധനവില വർധിപ്പിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ മുൻകാല വാദങ്ങളെല്ലാം ഇതോടെ പൊള്ളയാണെന്ന് തെളിഞ്ഞുവെന്നും സിപിഎം വിമർശിക്കുന്നു. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇന്ധനവില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് മുൻ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും വിമർശിച്ചു. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയില്ല. ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചത്. തെറ്റായ നയങ്ങൾ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വൻ വിലവർധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട കേന്ദ്ര സർക്കാർ, വീണ്ടും വിലവർധനയുടെ ഭാരം അടിച്ചേൽപ്പിക്കുകയാണ്. ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരം നടപടികൾ ന്യായീകരണം അർഹിക്കുന്നില്ല. ഇന്ധനവില വർദ്ധന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും ഉയരാൻ ഇടയാക്കും. ഇതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുക തൊഴിലാളികളും കർഷകരും ഇടത്തരം കുടുംബങ്ങളുമാകും. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




