
ആലപ്പുഴ: സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാമെന്ന് വെള്ളാപ്പള്ളി നടേശൻ. ‘വേവോളം കാത്തിരുന്നു, ഇനി ആറോളം കാത്തിരിക്കാം എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്നും, അത് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷത്തെ പിണറായി വിജയന്റെ ഭരണത്തെ വെള്ളാപ്പള്ളി പ്രകീർത്തിച്ചു. കേരളത്തിൽ പിണറായി വിജയനെപ്പോലെ മാധ്യമങ്ങൾ വേട്ടയാടിയ മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല. സർക്കാരിന്റെ കുറ്റങ്ങൾ മാത്രമാണ് മാധ്യമങ്ങൾ ചർച്ച ചെയ്തത്. പിണറായിയെ ഇപ്പോഴത്തെ അവസ്ഥയിലാക്കിയത് മാധ്യമങ്ങളുടെ നിരന്തരമായ വേട്ടയാടലാണ്. ഇടതുപക്ഷം തിരഞ്ഞെടുപ്പിൽ തരിപ്പണമായത് അംഗീകരിക്കുന്നുവെന്നും, വരാനിരിക്കുന്ന യു.ഡി.എഫ് സർക്കാരിന് നല്ല ഭരണം കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി വരുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സി.പി.എം നേതാവ് എഎം ആരിഫിനെതിരെ രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് സഹായം തേടി തന്റെ അടുത്ത് വരികയും, ജയിച്ചു കഴിഞ്ഞപ്പോൾ തള്ളിപ്പറയുകയുമാണ് ആരിഫ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ആരാണ് ഈ ആരിഫ്? ചാടാൻ തയ്യാറായി നിന്ന ആളാണ് ആരിഫ്. ലീഗിന്റെ മനസ്സാണയാൾക്ക്. മറ്റെങ്ങോട്ടും ചാടാതിരിക്കാനാണ് സി.പി.എം അയാൾക്ക് സീറ്റ് കൊടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.




