
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്. അധികാരമേറ്റ തുടക്കത്തില്‍ തന്നെ പണമില്ലെന്ന് പറയേണ്ടതില്ല. 10 ലക്ഷം കോടി കടമാണ് എന്നത് അനുവദിക്കപ്പെട്ട തുകയാണ്. നിങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാനാണ് ശ്രമിക്കേണ്ടതെന്നും എംകെ സ്റ്റാലിന് പറഞ്ഞു.
‘ഞങ്ങള്‍ കോവിഡ് അടക്കമുള്ള ദുരന്തകാലത്ത് പ്രവര്‍ത്തിച്ച നേതാക്കളാണ്. ഇപ്പോഴും സര്‍ക്കാര്‍ പ്രവര്‍ത്തിക്കാനാവശ്യമായ പണം ഖജനാവിലുണ്ട്. ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും’ സ്റ്റാലിന് വ്യക്തമാക്കി. മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിന് സ്റ്റാലിന് ആശംസകളും നേര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടുപിന്നാലെയാണ്, മുൻ ഡിഎംകെ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിജയ് രൂക്ഷമായ വിമർശനം ഉന്നയിച്ചത്. 2021 മുതൽ 2026 വരെയുള്ള കാലയളവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് തന്റെ സർക്കാർ ഒരു ധവളപത്രം പുറത്തിറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഡിഎംകെ സർക്കാർ സംസ്ഥാനത്തെ 10 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണ് ഉപേക്ഷിച്ചു പോയത്. ഈ ഭാരം എത്രത്തോളമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ധവളപത്രം ഇറക്കുന്നതെന്നും വിജയ് വ്യക്തമാക്കി.
സുതാര്യമായ ഒരു ഭരണസംവിധാനമായിരിക്കും തന്റെ സർക്കാർ കാഴ്ചവെക്കുക. വിദ്യാഭ്യാസം, ഭക്ഷ്യവിതരണം, ആരോഗ്യം എന്നിവയ്ക്കായിരിക്കും സർക്കാർ പ്രഥമ പരിഗണന നൽകുകയെന്നും വിജയ് കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിനായുള്ള സുപ്രധാന ഫയലുകളിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകാനുള്ള ഫയലിലാണ് വിജയ് ആദ്യം ഒപ്പിട്ടത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരു പ്രത്യേക സേന രൂപീകരിക്കുന്നതിനുള്ള ഉത്തരവിനും മുഖ്യമന്ത്രി വിജയ് അംഗീകാരം നൽകി. ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് വിജയും 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.




