KeralaNews

തമിഴകത്ത് അനിശ്ചിതത്വം; ഭൂരിപക്ഷം ഉറപ്പിച്ചിട്ടും വിജയ്‌ക്ക് സമയം നൽകാതെ ഗവർണർ, പിന്മാറി ഇ.പി.എസ്

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളിൽ സസ്പെൻസ് അവസാനിക്കുന്നില്ല. 108 സീറ്റിൽ നിന്ന് 120 എം എൽ എമാരുടെ പിന്തുണ ഉറപ്പാക്കിയ വിജയ്ക്ക് മുന്നിൽ ഗവർണർ രാജേന്ദ്ര അർലേക്കർ വലിയ വെല്ലുവിളിയായി നിലയുറപ്പിച്ചിരിക്കുകയാണ്. ആദ്യം മുതലേ എം എൽ എമാരുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തിൽ ഉടക്കിട്ടിരുന്ന ഗവർണർ, ഇപ്പോൾ കൂടിക്കാഴ്ചക്ക് സമയം നൽകുന്നില്ലെന്നാണ് വ്യക്തമാകുന്നത്. 120 എം എൽ എമാരുടെയും പിന്തുണ കത്ത് ലഭിച്ചതിന് പിന്നാലെ ലോക്ഭവൻ റൂട്ടിലേക്ക് തിരിച്ച വിജയ്, പാതി വഴിയിൽ യൂ ടേൺ എടുത്ത് മടങ്ങി. ലോക്ഭവൻ റൂട്ടിലെ അഡയാർ ഗാന്ധി നഗറിൽ വച്ചാണ് വിജയ് വാഹനം തിരിച്ച് പട്ടണംപാക്കത്തെ വീട്ടിലേക്ക് മടങ്ങിയത്. ഗവർണർ സമയം കൊടുത്തിട്ടില്ലെന്നാണ് സൂചന. 

വിജയ് ഭൂരിപക്ഷം ഉറപ്പാക്കിയതിന് ശേഷമുള്ള ലോക് ഭവൻ തീരുമാനം ഇതുവരെയും പുറത്തുവന്നിട്ടില്ല. സർക്കാർ രൂപീകരണത്തിനായി വിജയ് ലോക്ഭവനിലേക്ക് ഇറങ്ങുന്നത് നാലാം തവണയാണ്. ഭൂരിപക്ഷം ഉറപ്പിച്ച ശേഷം വിജയ് യെ കാണാൻ ഗവർണർ തയാറാകാതിരിക്കുന്ന സാഹചര്യത്തിൽ തമിഴകത്ത് സസ്പെൻസ് തുടരുകയാണ്. വിജയ്ക്ക് ഇന്ന് ഗവർണർ സമയം നൽകിയേക്കില്ലെന്നും റിപ്പോർട്ടുണ്ട്. നാളെ രാവിലെ നാട്ടിലേക്ക് മടങ്ങാൻ ഗവർണർ തീരുമാനിച്ചതായും ലോക്ഭവൻ വൃത്തങ്ങൾ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ വിജയ്ക്ക് സർക്കാർ രൂപീകരണത്തിനായി കാത്തിരിക്കേണ്ടിവരും.

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളിൽ നിന്ന് നേരത്തെ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും (ഇ പി എസ്) എ ഐ എ ഡി എം കെയും പിന്മാറിയതോടെയാണ് വിജയ്ക്ക് കാര്യങ്ങൾ എളുപ്പമായത്. എം എൽ എമാരുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് പിന്നാലെയാണ് ഇ പി എസിന്‍റെ പിന്മാറ്റം. പുതിയ സർക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനുമില്ലെന്ന് ഇ പി എസ് എക്സിലൂടെ വ്യക്തമാക്കി. ഭരണം പിടിക്കാനുള്ള സാധ്യതകൾ വഴിമുട്ടിയതോടെയാണ് ഇ പി എസിന്റെ പിന്മാറ്റമെന്നാണ് വ്യക്തമാകുന്നത്. അധികാരത്തിലേറുന്ന പുതിയ സർക്കാരിന് ആശംസകൾ നേർന്ന് അദ്ദേഹം എക്‌സിൽ കുറിപ്പും പങ്കുവെച്ചു. ഇ പി എസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണമെന്ന് ടി ടി വി ദിനകരൻ ഉൾപ്പെടെയുള്ളവർ ഇന്നലെ ആവശ്യപ്പെട്ടിരുന്നെങ്കിലും, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ സ്വയം പിൻവാങ്ങാനാണ് എ ഐ എ ഡി എം കെ തീരുമാനിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button