KeralaNews

വാല്‍പ്പാറയിലെ അപകടകാരണം ഡ്രൈവറുടെ പരിചയക്കുറവ്; തമിഴ്‌നാട് എംവിഡിയുടെ റിപ്പോര്‍ട്ട് പുറത്ത്

ഡ്രൈവറുടെ പരിചയക്കുറവാണ് വാല്‍പ്പാറ അപകടത്തിന് കാരണമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഡ്രൈവര്‍ക്ക് ചുരം റോഡിലെ ഇറക്കങ്ങളില്‍ വേണ്ടത്ര പരിചയമില്ലാത്തതിനാലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗിയര്‍ ഡൗണ്‍ ചെയ്യാതെ വാഹനം ഇറക്കം ഇറങ്ങിയതും വളവുകളില്‍ പുലര്‍ത്തേണ്ട ജാഗ്രതക്കുറവുമാണ് അപകടത്തിന് ആക്കം കൂട്ടിയത്.

വാഹനത്തിന് മറ്റ് സാങ്കേതിക തകരാറുകളൊന്നും പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. ചികിത്സയിലുള്ള ഡ്രൈവറുടെ മൊഴി ലഭിച്ചാല്‍ അപകട കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പൊള്ളാച്ചി ആര്‍ടിഒ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തമിഴ്നാട് സര്‍ക്കാരിന് കൈമാറി. ചുരം റോഡിന്റെ വശങ്ങളില്‍ എല്ലായിടത്തും സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

വാല്‍പ്പാറയില്‍ ഉണ്ടായ അപകടത്തില്‍ മലപ്പുറം പുലാമന്തോള്‍ സ്വദേശിയും പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാന അധ്യാപികയുമായ അജിത(54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല(52), സുഹറ(43), ആശ(41), അധ്യാപകനായ മജീദ്(43), മജീദിന്റെ ഭാര്യ റുഖിയ(39), സ്‌കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത(45) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തില്‍ മരിച്ച അധ്യാപിക സുഹറയുടെ മകന്‍ ഹിഷാം(12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിച്ച ശേഷം പിന്നീട് മരിക്കുകയായിരുന്നു.

ജിഎല്‍പി സ്‌കൂളിനു സമീപത്തുള്ള പാങ്ങ് ജിയുപി സ്‌കൂളിലെ അധ്യാപിക ഷക്കീന(37), മകള്‍ മസ്നീന്‍(10) ജിഎല്‍പി സ്‌കൂളിലെ പാചകത്തൊഴിലാളിയും അപകടത്തില്‍ മരിച്ച സാജിതയുടെ മകനുമായ ഷഹദീന്‍, ടൂറിസ്റ്റ് വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ്(21) എന്നിവരാണ് പരുക്കുകളോടെ ചികിത്സയില്‍. ഇതില്‍ മസ്നീന്‍ ഒഴികെ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മസ്നീന്‍ പൊള്ളാച്ചി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

പൊളളാച്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ ഹെയര്‍പിന്‍ റോഡ്. വൈകിട്ട് 5.15 ന് ആയിരുന്നു അപകടം. അവധിക്കാലമായതിനാല്‍ സ്‌കൂളില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഉല്ലാസയാത്രയ്ക്കു പോയ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘത്തിനാണ് ദാരുണ അപകടം ഉണ്ടായത്. പെരിന്തല്‍മണ്ണയില്‍ നിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവറും മൂന്നു കുട്ടികളും ഉള്‍പ്പെടെ 13 പേര്‍ യാത്ര പോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button