പിണറായി സർക്കാർ വീണ്ടും വരണമെന്നാണ് ആഗ്രഹം; ആലപ്പുഴയിൽ ചിത്തരഞ്ജൻ ജയിക്കും; എൻഡിഎ വോട്ട് വർദ്ധിപ്പിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: പിണറായി വിജയന്‍ മുഖ്യമന്ത്രി ആവണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണമിറക്കി നയത്തിയ പ്രചാരണവും വാശിയേറിയ പോരാട്ടവുമാണ് ഇക്കുറി നടന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചിലയിടത്തു രണ്ടുപേര്‍ തമ്മിലുള്ള മത്സരമാണെന്നും ആലപ്പുഴയില്‍ ചിത്തരഞ്ചന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആകെയുള്ള തെരഞ്ഞെടുപ്പുഫലം പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎയ്ക്ക് വോട്ട് കൂടും. എന്നാല്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമോ എന്ന് പറയാനാവില്ലെന്നും ആലപ്പുഴയില്‍ വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദവിയിലേക്ക് ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് എല്ലാവരും യോഗ്യരാണെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. കോണ്‍ഗ്രസില്‍ മൂന്നു നാല് പേര്‍ മുഖ്യമന്ത്രിയാവാന്‍ കാത്തിരിക്കുന്നു. ജനിക്കാന്‍ പോകുന്ന കൊച്ചിന്റെ പേര് ഇടേണ്ട കാര്യം ഇപ്പോഴില്ല. നൂറ് സീറ്റ് നേടും എന്നെല്ലാമുള്ള അവകാശവാദങ്ങളെല്ലാം നടക്കുമോയെന്ന് കാത്തിരുന്നുകാണാമെന്നും അദ്ദേഹം പറഞ്ഞു.



