KeralaNationalNewsPolitics

‘കേരളത്തിൽ നിക്ഷേപമില്ല, യുവാക്കൾക്ക് ജോലിയുമില്ല’; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡി.കെ. ശിവകുമാർ

തിരുവനന്തപുരം: കേരളത്തിലെ പിണറായി വിജയൻ സർക്കാർ വികസന കാര്യത്തിൽ പൂർണ്ണ പരാജയമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നിക്ഷേപകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ട ഇടത് സർക്കാരിന്റെ നയം മൂലം കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലില്ലാതെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരികയാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തിലെ യുവാക്കൾ മിടുക്കരാണെങ്കിലും അവർക്ക് ഇവിടെ ജോലി നൽകാൻ സർക്കാരിന് സാധിക്കുന്നില്ല. ബംഗളൂരുവിലെ ഐ.ടി മേഖലയിലുള്ളവരിൽ 20 ശതമാനവും മലയാളികളാണ്. കമ്മ്യൂണിസ്റ്റ് ചിന്താഗതി മാറാതെ കേരളത്തിലേക്ക് നിക്ഷേപകർ വരില്ലെന്നും നിക്ഷേപകർക്ക് സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വണ്ണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണമില്ലാത്തത് ബി.ജെ.പി – സി.പി.എം ‘ഡീലിന്റെ’ ഭാഗമാണ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നെങ്കിൽ കേന്ദ്ര ഏജൻസികൾ എപ്പോഴേ എത്തുമായിരുന്നു. ഈ കൊള്ളയ്ക്ക് കേന്ദ്രം സംരക്ഷണം നൽകുകയാണെന്നും ഡി.കെ. ശിവകുമാർ ആരോപിച്ചു.

കർണാടകയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതുപോലെ കേരളത്തിലും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് നൽകുന്ന ഉറപ്പുകൾ നടപ്പിലാക്കും. ഇത്തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കുടകിലെ വനത്തിൽ ട്രക്കിംഗിനിടെ കാണാതായ മലയാളി പെൺകുട്ടി ശരണ്യയെ സുരക്ഷിതമായി കണ്ടെത്തിയതിൽ ഡി.കെ. ശിവകുമാർ സന്തോഷം പ്രകടിപ്പിച്ചു. ശരണ്യയുടെ അമ്മയുടെ അഭ്യർത്ഥന പ്രകാരം തന്റെ നിർദ്ദേശാനുസരണം രൂപീകരിച്ച 170 അംഗ സംഘമാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്. വന്യജീവി ഭീഷണിയുള്ള വനത്തിൽ ഇത്രയും സമയം അതിജീവിച്ച ശരണ്യ കരുത്തുറ്റ പെൺകുട്ടിയാണെന്നും തിരച്ചിൽ നടത്തിയ ആദിവാസി വിഭാഗങ്ങളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button