ശബരിമല യുവതി പ്രവേശം: സുപ്രീം കോടതി ഒമ്പതംഗ ബെഞ്ചിൽ ചരിത്രപ്രധാനമായ വാദം തുടങ്ങി; വിധി രാജ്യം വരാനിരിക്കുന്ന 40 വർഷം എങ്ങനെ നീങ്ങണമെന്ന് നിശ്ചയിക്കുമെന്ന് കേന്ദ്രം

ഡൽഹി : ശബരിമല യുവതി പ്രവേശന തർക്കത്തിൽ ഭരണഘടനാ ബെഞ്ചിൽ വാദം തുടങ്ങി. കേസിലെ ചരിത്രവും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമയപരിധിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ഹർജിക്കാർക്ക് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിര്‍ദേശം നൽകി. ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്നത്. മൗലികാവകാശം, വിശ്വാസ വിഷയത്തിൽ കോടതി ഇടപെടൽ ഈ കാര്യങ്ങൾ പരിശോധിക്കപ്പെടുമെന്നും ശബരിമല പുനപരിശോധന ഹർജികളിൽ ഇപ്പോൾ തീരുമാനം ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുനപരിശോധന ഹര്‍ജികളിൽ പിന്നീട് തീരുമാനം എടുക്കുമെന്നും ഇപ്പോള്‍ നിയമ വിഷയങ്ങളിലെ ഉത്തരം മാത്രമാണ് ഉണ്ടാവുകയെന്നും കോടതി അറിയിച്ചു. കോടതി എടുക്കുന്ന തീരുമാനം അടുത്ത 40 വർഷത്തേക്കെങ്കിലും രാജ്യത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
കോടതിയുടെ ആശങ്കയെക്കുറിച്ച് തങ്ങൾക്ക് ബോധ്യമുണ്ടെന്നും കേന്ദ്രം അറിയിച്ചു. ശബരിമല കേസിലെ വിധി ഇപ്പോഴും നിലനിൽക്കുന്ന എന്ന് ഹർജിക്കാരിൽ ഒരാള്‍ വാദിച്ചു. ഈ കേസിലെ പ്രധാന ഹർജിക്കാരെയാണ് വിശദമായി കേൾക്കേണ്ടതെന്ന് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. കേസിൽ നേരിട്ട് ബാധിക്കുന്നവരെയാണ് വിശദമായി കേൾക്കേണ്ടതെന്ന് ദേവസ്വത്തിനായി ഹാജരായ മനു അഭിഷേക് സിങ്വി പറഞ്ഞു. കോടതി ഇത്തരം കാര്യങ്ങൾക്കായി സമയം പാഴാക്കരുതെന്ന് മലയാളി അഭിഭാഷകൻ മാത്യൂസ് നെടുമ്പാറ ആവശ്യപ്പെട്ടു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെ കേസുകൾ സെക്കൻഡുകൾ കൊണ്ടാണ് തള്ളുന്നതെന്നും നെടുമ്പാറ പറഞ്ഞു. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാണ് ഇന്ന് മുതൽ നടക്കുന്നത്. വിധിയുടെ പുനഃപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് ഇതുവരെ സമർപ്പിച്ചത്. യുവതി പ്രവേശനത്തെ അനൂകൂലിക്കുന്ന 12 പേരുടെ വാദങ്ങളും ഇതുവരെ സമർപ്പിച്ചു. പുനഃപരിശോധയെ അനൂകൂലിക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നാണ് കേരള സർക്കാരിന്റെ നിലപാട്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകുന്ന ഭരണഘടന ബെഞ്ചില്‍ ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ് ബി.വി. നാഗരത്നയും ഭാഗമാണ്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15,16 തീയതികളിലും നടക്കും.




