KeralaNews

തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം; ലോകസമാധാനത്തിനായി വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് പാളയം ഇമാം

ലോകം ഇന്ന് ഒരു യുദ്ധമുഖത്താണെന്നും ഇസ്രായേൽ-അമേരിക്കൻ നേതൃത്വത്തിൽ നടക്കുന്ന ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾക്ക് കാരണമായിരിക്കുകയാണെന്നും പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി. സ്കൂൾ കുട്ടികളെപ്പോലും ബോംബിട്ട് കൊല്ലുന്ന ക്രൂരതകളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിലയ്ക്കാത്ത വെടിയൊച്ചകൾ സൃഷ്ടിക്കുന്ന ഈ യുദ്ധം അന്താരാഷ്ട്ര ചരക്കുനീക്കത്തെയും സഞ്ചാരത്തെയും ബാധിച്ചു കഴിഞ്ഞു.

പാചകവാതക ലഭ്യതക്കുറവും വരാനിരിക്കുന്ന രൂക്ഷമായ വിലക്കയറ്റവും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കും. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളെയും അവരുടെ ബന്ധുക്കളെയും ഓർത്ത് കുടുംബങ്ങൾ ആശങ്കയിലാണ്. വിട്ടുവീഴ്ചകൾ ചെയ്തിട്ടാണെങ്കിലും ഒരു സമാധാന കരാറിലെത്താനും പൂർണ്ണമായ യുദ്ധവിരാമം പ്രഖ്യാപിക്കാനും ലോകനേതൃത്വം തയ്യാറാകണമെന്നും സമാധാനം പുലരാൻ വേണ്ടി ഏവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ലോകത്തെ ഞെട്ടിച്ച എപ്സ്റ്റീൻ ഫയലുകളിലൂടെ പുറത്തുവന്ന പ്രമുഖരുടെ രഹസ്യജീവിതം മനുഷ്യസാമാന്യത്തിന് വലിയൊരു പാഠമാണെന്നും ഇമാം കൂട്ടിച്ചേർത്തു. ലോകം ആരാധിക്കുന്ന പല സെലിബ്രിറ്റികളുടെയും വമ്പന്മാരുടെയും ക്രൂരമായ യഥാർത്ഥ മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെട്ടത്. ഇങ്ങനെയൊക്കെയായിരുന്നോ ഇവരുടെ രഹസ്യ ജീവിതമെന്ന് ലോകം ഇന്ന് അത്ഭുതത്തോടെ ചോദിക്കുകയാണ്. രാജ്യത്തും ആഗോളതലത്തിലും ഇസ്ലാമോഫോബിയ ശക്തമാകുന്ന സാഹചര്യത്തിൽ, വെറുപ്പിനെ വെറുപ്പുകൊണ്ടല്ല, മറിച്ച് തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കാനാണ് വിശ്വാസികൾ തയ്യാറാകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button