International

ഇറാൻ യുദ്ധം മൂന്നാം വാരത്തിലേക്ക്; പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ ട്രംപ്; കരയുദ്ധത്തിന് നീക്കമെന്ന് സൂചന

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ, പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുഎസ് സൈനികരെ അയക്കുന്ന കാര്യം ട്രംപ് ഭരണകൂടം പരിഗണിക്കുന്നു. നാറ്റോ സഖ്യത്തിലുള്ള യൂറോപ്യൻ രാഷ്ട്രങ്ങൾ തങ്ങൾ യുദ്ധത്തിൻ്റെ ഭാഗമാകില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ഇതോടെ യുദ്ധം കൂടുതൽ സങ്കീർണമാകുമെന്നാണ് കരുതുന്നത്. യുഎസ് ഉദ്യോഗസ്ഥരെയും പ്രതിരോധ വിദഗ്ധരെയും ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ടതാണ് ഈ റിപ്പോർട്ട്. ഇത് പ്രകാരം 2,000-ത്തിലധികം യുഎസ് നാവികരെ പശ്ചിമേഷ്യയിലേക്ക് അയച്ച അമേരിക്ക, ഇതിന് പുറമെ കൂടുതൽ പേരെ വിന്യസിക്കുമെന്നാണ് വിവരം.

പശ്ചിമേഷ്യയിലെ സംഘർഷം ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ചത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതത്തെയാണ്. ഈ കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. നിലവിൽ വ്യോമ-നാവിക സേനകളാണ് സുരക്ഷയൊരുക്കുന്നത്. ആവശ്യമെങ്കിൽ ഇറാൻ തീരത്ത് കരസേനയെ വിന്യസിക്കാനും യുഎസ് ആലോചിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാർഗ് ഐലൻഡ് പിടിച്ചെടുക്കാനോ നിയന്ത്രണത്തിലാക്കാനോ ഉള്ള സാധ്യതകളെക്കുറിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. ഇതുവഴി ഇറാന്റെ സാമ്പത്തിക സ്രോതസ്സിനെ തകർക്കാൻ സാധിക്കുമെന്നാണ് അമേരിക്ക കരുതുന്നത്. ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും, അവശേഷിക്കുന്ന ആണവ വസ്തുക്കൾ സുരക്ഷിതമാക്കാൻ പ്രത്യേക സൈനിക വിഭാഗത്തെ നിയോഗിക്കുന്ന കാര്യവും ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്. എന്നാൽ

പശ്ചിമേഷ്യയിൽ പുതിയൊരു യുദ്ധത്തിൽ നേരിട്ട് ഇടപെടില്ലെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വാഗ്‌ദാനം നൽകിയത്. താൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന് പ്രസിഡൻ്റായ ശേഷം പലപ്പോഴായി അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു ട്രംപ്. ജനങ്ങൾക്ക് നൽകിയ ഉറപ്പിന് വിരുദ്ധമായാണ് ട്രംപിന്റെ പുതിയ നീക്കങ്ങൾ. അപ്പോഴും കരസേനയെ ഇറാനിലേക്ക് അയക്കുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ആശങ്കയുണ്ട്. നിലവിൽ പൊതുജനങ്ങൾക്കിടയിൽ ഈ യുദ്ധത്തിന് പിന്തുണ കുറവാണെന്നതും ശ്രദ്ധേയമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button