News

സുധാകരന്റെ ‘ഗുഡ് ബൈ’ ഭീഷണിയിൽ ഹൈക്കമാൻഡ് പതറി; വി.ഡി. സതീശന്റെ എതിർപ്പ് മറികടന്ന് ആന്റണിയും ചെന്നിത്തലയും ഇടപെട്ടു; ‘കെ.എസ്’ കണ്ണൂരിലേക്ക്

ഡൽഹി : കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട് കെ സുധാകരൻ നടത്തിയ ഭീഷണിക്ക് മുന്നിൽ ഹൈക്കമാൻഡ് മുട്ടുമടക്കിയെന്ന വാർത്തകൾ പുറത്തുവന്നുകഴിഞ്ഞു. ദില്ലിയിൽ ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ചവരെ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിലാണ് സുധാകരന് മുന്നിൽ കോൺഗ്രസ് നേതൃത്വം മുട്ടുമടക്കിയിരിക്കുന്നത്. എം പിമാ‍ർ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി നിലപാട് ഉയർത്തിയാണ് നേതൃത്വം സുധാകരനടക്കം ഉയർത്തിയ സമ്മർദ്ദങ്ങളെ നേരിട്ടിരുന്നത്. സുധാകരന്‍റെ കടുംപിടിത്തത്തിന് മുന്നിൽ മറ്റ് നേതാക്കൾ നിലപാട് മയപ്പെടുത്തിയെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവസാനം വരെയും ഉറച്ച നിലപാടാണ് സ്വീകരിച്ചത്. സുധാകരന് മാത്രം ഇളവ് നൽകാനാകില്ലെന്ന് വ്യക്തമാക്കി സതീശൻ ശക്തമായ എതിർപ്പാണ് ഉയർത്തിയത്. ഒരുഘട്ടത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും രാജിവയ്ക്കുമെന്ന ഭീഷണിയും സതീശൻ മുഴക്കി. ഇതോടെയാണ് ആർക്കും ഇളവ് നൽകേണ്ടെന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയത്.

നിർണായകമായ ‘ഗുഡ് ബൈ’ ഭീഷണി
എന്നാൽ ഇന്ന് ഉച്ചയ്ക്ക് വാർത്താസമ്മേളനം വിളിച്ച സുധാകരൻ, പാർട്ടി വിടും എന്ന ഭീഷണി എത്തിയതോടെ ഹൈക്കമാൻഡ് പതറുകയായിരുന്നു. നേതാക്കളെ വിളിച്ച് സുധാകരൻ ‘ഗു‍ഡ് ബൈ’ പറഞ്ഞതോടെ പാർട്ടി അടിമുടി ആശങ്കയിലായി. താനടക്കം 15 പേർ മത്സരിക്കുമെന്ന ഭീഷണിയും മുഴക്കിയതോടെ പൊട്ടിത്തെറി രൂക്ഷമാകുമെന്ന് നേതൃത്വം തിരിച്ചറിഞ്ഞു. സുധാകരന്‍റെ ‘ഗുഡ‍് ബൈ’ക്ക് പിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി എ കെ ആന്‍റണിയും നിർണായക ഇടപെടലുമായി രംഗത്തെത്തിയതോടെയാണ് കോൺഗ്രസിലെ പൊട്ടിത്തെറി നീങ്ങിയത്. ആന്‍റണിയെ കളത്തിലിറക്കിയ ചെന്നിത്തല, സുധാകരൻ ഈ ഘട്ടത്തിൽ പാർട്ടി വിടുന്നത് തെരഞ്ഞെടുപ്പിൽ വലിയ തോതിൽ ബാധിക്കുമെന്ന് ബോധ്യപ്പെടുത്തി. ഇതോടെയാണ് എ കെ ആന്‍റണി നേരിട്ട് ഇടപെട്ടത്. സുധാകരനുമായി നേരിട്ട് ബന്ധപ്പെട്ട ആന്‍റണി, മൂന്നാം പിണറായി സർക്കാർ വരുന്ന സാഹചര്യം ഉണ്ടാക്കരുതെന്നടക്കം ആവശ്യപ്പെട്ടു. സീറ്റിന്‍റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കമെന്നും ആന്‍റണിയും ചെന്നിത്തലും ഉറപ്പ് നൽകിയതോടെയാണ് സുധാകരൻ വാർത്താസമ്മേളനം ഒഴിവാക്കി പാർട്ടിക്ക് ആശ്വാസത്തിന്‍റെ മണിക്കൂറുകൾ സമ്മാനിച്ചത്. ഹൈക്കമാൻഡിനെ മുട്ടുകുത്തിച്ചെന്ന ഹീറോ പരിവേഷത്തോടെയാകും അണികളുടെ ‘കെ എസ്’ മത്സര രംഗത്തേക്കെത്തുന്നത്. അന്തിമ തീരുമാനം വന്നാലുടൻ കണ്ണൂരിൽ വലിയ ആഘോഷത്തിനാണ് അണികളുടെ തീരുമാനം. ദില്ലിയിൽ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങുമ്പോൾ സുധാകരന് വമ്പൻ സ്വീകരണം ഒരുക്കാനായി പ്രവർത്തകർ കാത്തിരിക്കുകയാണ്. എയർപോർട്ട് മുതൽ റോഡ് ഷോ നടത്തിയാകും സുധാകരൻ കണ്ണൂർ ഡി സി സിയിലും മണ്ഡലത്തിലുമെത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button